| Tuesday, 7th March 2023, 6:00 pm

ഇന്ത്യന്‍ പിച്ചുകളെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്; വിമര്‍ശനവുമായി ന്യൂസിലാന്‍ഡ് ഇതിഹാസ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് സീരിസില്‍ രണ്ട് മത്സരങ്ങളിലെ തോല്‍വിക്ക് ശേഷം ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ടീം ഓസ്‌ട്രേലിയ. നാഗ്പൂരിലും ദല്‍ഹിയിലും ചുവട് പിഴച്ച ഓസീസ് ഇന്‍ഡോറില്‍ ഇന്ത്യയെ എറിഞ്ഞിടുകയായിരുന്നു. 4-0ന് പരമ്പര വൈറ്റ് വാഷ് ചെയ്യാനുള്ള ഇന്ത്യയുടെ മോഹങ്ങള്‍ക്കാണ് ഇന്‍ഡോറില്‍ തിരിച്ചടിയേറ്റത്.

പിച്ചിന് പുറത്തെ വാഗ്വാദങ്ങള്‍ക്കൊണ്ട് ഏറെ ചര്‍ച്ചയായ സീരീസാണ് ഇത്തവണത്തേത്. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുടെ ഇന്ത്യന്‍ പിച്ചിനെ കുറിച്ചുള്ള പരാമര്‍ശങ്ങളും ഓസീസ് സ്‌ക്വാഡിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളുമെല്ലാം തന്നെ പിച്ചിന് പുറത്തേക്കും സീരീസിന് വലിയ റീച്ച് ഉണ്ടാക്കി കൊടുത്തു.

ഇതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ഇന്ത്യന്‍ പിച്ചുകളാണ്. പിച്ചിന്റെ ഗുണനിലവാരത്തെ ചൊല്ലി വെറ്ററന്‍ താരങ്ങള്‍ തന്നെ രംഗത്ത് വന്നതോടെ ഗ്രൗണ്ടിന് പുറത്തേക്ക് വിവാദങ്ങളും പടര്‍ന്നു.

എന്നാലിപ്പോള്‍ പിച്ചിനും കളിക്കാര്‍ക്കുമെതിരെ നടക്കുന്ന ആരോപണങ്ങളില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചുമായ ഡാനിയല്‍ വെറ്റോറി.

പിച്ചിന്റെ പേരില്‍ ഉയരുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നാണ് വെറ്റോറി പറയുന്നത്. എല്ലാവരും കളിക്കുന്നത് ഒരേ പിച്ചിലാണെന്നും ടീമിന്റെ പ്രകടനത്തില്‍ മാത്രമാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘പിച്ച് എല്ലാവര്‍ക്കും ഒരു പോലെയാണ്. രണ്ട് ടീമും ഒരേ പിച്ചിലല്ലേ കളിക്കുന്നത്. അത് കൊണ്ട് തന്നെ പിച്ചിനെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. എന്താണ് സംഭവിക്കുകയെന്ന് മുന്‍ കൂട്ടി അറിഞ്ഞാല്‍ പിന്നെ ടോസിനും വലിയ പ്രാധാന്യമൊന്നും കിട്ടാന്‍ പോകുന്നില്ല.

ഇത്തരം പിച്ചുകളില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ നിങ്ങള്‍ നന്നായി കഷ്ടപ്പെടേണ്ടി വരും. ചിലപ്പോള്‍ ബാറ്റിങ് ദുഷ്‌കരമായിരിക്കും. റണ്‍ കണ്ടെത്താന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വരും. പക്ഷെ ഒരു ബാറ്റര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് സ്വയം മെച്ചപ്പെടാന്‍ നല്ലൊരു അവസരം കൂടിയാണ് ഇത്തരം പിച്ചുകളില്‍ നിന്ന് ലഭിക്കുക. 30 റണ്‍സാണെടുക്കുന്നതെങ്കിലും അത് കളിയില്‍ വലിയ മാറ്റമായിരിക്കും ഉണ്ടാക്കുക,’ വെറ്റോറി പറഞ്ഞു.

ആദ്യ രണ്ട് മത്സരങ്ങളിലും പിച്ചുകള്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്. ഓസീസിന്റെ ദയനീയ തോല്‍വിയില്‍ നിരാശരായ ആരാധകരും മാധ്യമങ്ങളും ടീമിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ടീം സെലക്ഷന്റെ കാര്യത്തില്‍ ഓസീസിന് പിഴച്ചെന്നും മാച്ച് വിന്നിങ് താരങ്ങളുടെ അഭാവം ടീമിന്റെ മൊത്തം പ്രകടനത്തെയും ബാധിച്ചെന്നും ഇവര്‍ ആരോപിച്ചു.

ആദ്യ മാച്ച് ഇന്നിങ്‌സിനും 132 റണ്‍സിനും ജയിച്ച് കയറിയ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് നേടിയത്. ആദ്യ രണ്ട് ടെസ്റ്റും വിജക്കാനായതിന്റെ ആത്മവിശ്വാസത്തില്‍ ഇന്‍ഡോറില്‍ വിമാനമിറങ്ങിയ ടീമിന് പക്ഷെ ഓസീസിന്റെ തീപാറും ബോളിങ്ങില്‍ എരിഞ്ഞടങ്ങാനായിരുന്നു വിധി. ഒമ്പത് വിക്കറ്റിന്റെ വിജയമാണ് ഓസീസ് നേടിയെടുത്തത്.

രണ്ട് മത്സരങ്ങളും തോറ്റ് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന ഓസീസിന് ആശ്വാസ വിജയമായിരുന്നു ഇന്‍ഡോറിലേത്. സീരീസിലെ അവസാന ടെസ്റ്റ് മത്സരം മാര്‍ച്ച് ഒമ്പതിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കും.

Content Highlight: Australian bowling coach daniel vettori comment on indian pitches

We use cookies to give you the best possible experience. Learn more