| Monday, 17th October 2022, 12:19 pm

എതിരെ പന്തെറിയുന്നവന്‍ തന്നെ പറയുന്നു ഇവനാണ് ലോകത്തിലെ മികച്ച ബാറ്ററെന്ന്; ഇന്ത്യന്‍ താരത്തെ വാനോളം പുകഴ്ത്തി ഓസീസ് ബൗളര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിന് മുമ്പ് ഇന്ത്യ സന്നാഹ മത്സരങ്ങള്‍ കളിക്കുകയാണ്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിന് ശേഷം ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യ തിങ്കളാഴ്ച വാം അപ് മാച്ചിനിറങ്ങിയിരിക്കുന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 78 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇന്ത്യക്ക് നല്‍കിയത്.

രാഹുല്‍ 33 പന്തില്‍ നിന്നും 57 റണ്‍സെടുത്തപ്പോള്‍ രോഹിത് ശര്‍മ 14 പന്തില്‍ നിന്നും 15 റണ്‍സുമായി പുറത്തായി. ശേഷമെത്തിയ വിരാട് കോഹ്‌ലി 19 റണ്‍സ് നേടി പുറത്തായി.

നാലാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവ് കളത്തിലിറങ്ങിയതോടെ കളി മാറി. 33 പന്തില്‍ നിന്നും ആറ് ബൗണ്ടറിയും ഒരു സിക്‌സറുമായി 50 റണ്‍സാണ് താരം സ്വന്തമാക്കിയത്. അര്‍ധസെഞ്ച്വറി തികച്ചതിന് പിന്നാലെ കെയ്ന്‍ റിച്ചാര്‍ഡ്‌സണ് വിക്കറ്റ് നല്‍കിയാണ് സ്‌കൈ പുറത്തായത്.

റിച്ചാര്‍ഡ്‌സണിന്റെ പന്ത് സിക്‌സറിന് തൂക്കാന്‍ ശ്രമിച്ച സൂര്യകുമാറിന് പിഴക്കുകയും റിച്ചാര്‍ഡ്‌സണ് തന്നെ ക്യാച്ച് നല്‍കി മടങ്ങുകയുമായിരുന്നു.

ഇപ്പോള്‍ സൂര്യകുമാറിന്റ പ്രകടനത്തെ അഭിനന്ദിച്ച് റിച്ചാര്‍ഡ്‌സണ്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ടി-20 താരം സൂര്യകുമാര്‍ യാദവ് ആയിരിക്കുമെന്നാണ് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞത്.

‘ഒരുപക്ഷേ സൂര്യകുമാര്‍ യാദവായിരിക്കും നിലവില്‍ ടി-20യിലെ ഏറ്റവും മികച്ച ബാറ്റര്‍,’ റിച്ചാര്‍ഡ്‌സണ്‍ പറയുന്നു.

അതേസമയം, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 187 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസിന് മുമ്പില്‍ വെച്ചിട്ടുള്ളത്. നാല് ഓവറില്‍ 30 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ കെയ്ന്‍ റിച്ചാര്‍ഡ്‌സണാണ് ഓസീസ് ബൗളിങ്ങില്‍ കരുത്തായത്. റിച്ചാര്‍ഡ്‌സണ് പുറമെ ആഷ്ടണ്‍ അഗര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനും മികച്ച തുടക്കമാണ് ലഭിച്ചത്. നിലവില്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ 97 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ.

35 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിന്റെയും 11 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തിന്റെയും വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

Content highlight: Australian bowler Kane Richardson about Suryakumar Yadav

We use cookies to give you the best possible experience. Learn more