| Thursday, 29th March 2018, 9:00 am

'ചെയ്തത് തെറ്റ് തന്നെയാണ്, പക്ഷേ ഇവരാരും മോശം വ്യക്തികളല്ല, ഒരവസരംകൂടി നല്‍കണം'; ഒടുവില്‍ മൗനം വെടിഞ്ഞ് ഓസീസ് പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

സിഡ്‌നി: ലോക ക്രിക്കറ്റില്‍ പകരം വയ്ക്കാനില്ലാത്ത ടീമുകളിലൊന്നാണ് ഓസ്‌ട്രേലിയ. മഞ്ഞക്കുപ്പായത്തില്‍ ആരാധകരെ ത്രസിപ്പിക്കുന്ന കംങ്കാരുപ്പടയ്ക്ക് ലോകത്തിന്റെ എല്ലാ കോണുകളിലും ആരാധകരുമുണ്ട്. സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തില്‍ മികച്ച നിലയില്‍ മുന്നേറവേയാണ് യുവതാരം ബാന്‍ക്രോഫ്ട് മത്സരത്തിനിടക്ക് പന്തില്‍ കൃത്രിമം കാട്ടുന്നതിന്റെ വീഡിയോ പുറത്തുവരുന്നത്.

പിന്നീട് നടന്നതെല്ലാം ഒരു സിനിമാ തിരക്കഥ പോലെയായിരുന്നു. യുവതാരത്തെ സംരക്ഷിച്ച് ക്യപ്റ്റന്‍ രംഗത്തെത്തുന്നു, തനിക്കും മുതിര്‍ന്ന താരങ്ങള്‍ക്കും സംഭവം അറിയാമായിരുന്നെന്ന് വെളിപ്പെടുത്തുന്നു, രാജി വെക്കേണ്ട ആവശ്യമില്ലെന്നും രാജിവെക്കില്ലെന്നും പ്രഖ്യാപിക്കുന്നു. പക്ഷേ സ്മിത്തിന്റെ വാക്കുകള്‍ക്ക് അല്‍പ്പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.

വിഷയത്തില്‍ സര്‍ക്കാരും രാജ്യത്തെ കായിക മന്ത്രാലയവും ക്രിക്കറ്റ് ഓസ്‌ട്രേലിയയും കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് സ്മിത്തിന് രാജിവെക്കേണ്ടി വന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്ക് വിലക്കുകയും ബാന്‍ക്രോഫ്ടിനു ഒമ്പത് മാസത്തെ വിലക്കും സമിതി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ പരിശീലകന്‍ ഡാരന്‍ ലേമാനു ക്ലീന്‍ ചീറ്റ് നല്‍കുകയായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയ്തത്.

തന്റെ താരങ്ങള്‍ മത്സരം വിജയിക്കാനായി പന്തില്‍ കൃത്രിമം കാട്ടിയെന്ന വാര്‍ത്ത പുറത്തുവന്ന് ഇത്രയും വിവാദങ്ങളുണ്ടായിട്ടും വിഷയത്തില്‍ പ്രതികരിക്കാതിരുന്ന ലേമാന്‍ ഒടുവില്‍ മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുയാണ്. താരങ്ങള്‍ ചെയ്തത് കടുത്ത കുറ്റമാണെങ്കിലും അവരാരും തന്നെ മോശം മനുഷ്യരല്ലായെന്നാണ് പരിശീലകന്‍ പറയുന്നത്.

“സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നായകന്‍ സ്ററീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ ചെയ്തത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്. പക്ഷെ ഇവരാരുംതന്നെ മോശം വ്യക്തികളല്ല. ഇക്കാര്യത്തില്‍ മറ്റൊരു വശംകൂടിയുണ്ട്. ആരാധകര്‍ അവര്‍ക്ക് ഒരവസരംകൂടി നല്‍കണം.” ലേമാന്‍ പറഞ്ഞു.

അവരെക്കുറിച്ചോര്‍ത്ത് തനിക്കു വിഷമമുണ്ടെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് വീണ്ടും തിരിച്ചെത്തുമെന്നും പറഞ്ഞ ലേമാന്‍ ആരാധകരുടെ ബഹുമാനം നേടുന്നതിനായി ഇനി ശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.


ഡൂള്‍ന്യൂസ് വീഡിയോ ഇന്റര്‍വ്യൂ കാണാം

Latest Stories

We use cookies to give you the best possible experience. Learn more