| Monday, 24th October 2022, 7:33 pm

'ഈ ലോകകപ്പ് നിര്‍ത്തിവെക്കണം'; ഇന്ത്യ - പാക് മത്സരത്തിന് പിന്നാലെ ഓസീസ് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറിയത്. വിജയമുറപ്പിച്ച പാകിസ്ഥാനെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടാണ് വിരാട് കോഹ്‌ലി ഇന്ത്യയെ കൈപിടിച്ചുകയറ്റിയത്.

അത്യന്തം നാടകീയത നിറഞ്ഞതായിരുന്നു മാച്ച് എന്‍ഡ്. അവസാന ഓവറില്‍ രണ്ട് വിക്കറ്റും നോ ബോളും ഫ്രീ ഹിറ്റും വൈഡുമായി നെയില്‍ ബൈറ്റിങ് എന്‍ഡിലേക്കായിരുന്നു മത്സരം നീങ്ങിയത്. എന്നാല്‍ വിരാട് കോഹ്‌ലി എന്ന യഥാര്‍ത്ഥ പടനായകന്റെ ആത്മവിശ്വാസം ഒന്നുമാത്രമായിരുന്നു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ ദിവസം നടന്ന മത്സരം ഇന്ത്യ – പാകിസ്ഥാന്‍ ആരാധകരെ മാത്രമല്ല, ക്രിക്കറ്റ് ലോകത്തെയൊന്നാകെ ആവേശത്തിലാഴ്ത്തിയിരുന്നു. പല സൂപ്പര്‍ താരങ്ങളും ആവേശകരമായ മത്സരത്തിന് പിന്നാലെ ഇന്ത്യയെയും വിരാടിനെ അഭിനന്ദിച്ച് രംഗത്തെത്തയിരുന്നു.

ഓസീസ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും ഈ മാച്ച് കണ്ടതോടെ ഏറെ ആവേശഭരിതനായിരുന്നു. ഇന്ത്യ – പാക് മാച്ച് നല്‍കിയ എക്‌സൈറ്റ്‌മെന്റ് ഒട്ടും മറച്ചുവെക്കാതെയായിരുന്നു താരം ശ്രീലങ്കക്കെതിരായ മത്സരത്തിന് മുമ്പ് മാധ്യമങ്ങളെ കണ്ടത്.

‘ശരിക്കും ലോകകപ്പ് അവിടെ വെച്ച് നിര്‍ത്തണമെന്നാണ് ഞാന്‍ കരുതുന്നത്. ഇതിലും മികച്ചതാണ് ഇനി വരാനുള്ളതെങ്കില്‍ അത്യധികം ആവേശപൂര്‍ണമായ മൂന്നാഴ്ചയാണ് നമുക്ക് ലഭിക്കാന്‍ പോകുന്നത്.

ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങള്‍ എപ്പോഴും ആവേശത്തോടെ കാണാന്‍ സാധിക്കുന്ന ഒന്നാണ്. ആ ആള്‍ക്കൂട്ടത്തിലുണ്ടായിരിക്കുകയും അതിന്റെ ഭാഗമാവുകയും ചെയ്യുന്നത് എപ്രകാരമാണെന്ന് ഊഹിക്കാന്‍ പോലും എനിക്ക് സാധിക്കില്ല,’ മാര്‍ഷ് പറയുന്നു.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ 159 റണ്‍സില്‍ പാകിസ്ഥാനെ എറിഞ്ഞൊതുക്കുകയായിരുന്നു. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങും ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യന്‍ ബൗളിങ്ങില്‍ കരുത്തായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിരാട് കോഹ്‌ലിയുടെയും ഹര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്സിലായിരുന്നു പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.

ഒക്ടോബര്‍ 27നാണ് ഇന്ത്യയുടെ മത്സരം. നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍.

അതേസമയം, ആദ്യ മത്സരത്തിലെ പരാജയം മറക്കാനാകും ഓസ്‌ട്രേലിയ ചൊവ്വാഴ്ച കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോടായിരുന്നു കങ്കാരുക്കള്‍ തോല്‍വിയേറ്റുവാങ്ങിയത്. ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയാണ് എതിരാളികള്‍.

ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആവേശത്തിലാണ് ലങ്ക കളത്തിലിറങ്ങുന്നത്. ബ്ലണ്ട്‌സ്റ്റോണ്‍ അരീനയില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ശ്രീലങ്ക അയര്‍ലന്‍ഡിനെ തകര്‍ത്തുവിട്ടത്.

Content Highlight: Australian all rounder Mitchell Marsh about India vs Pakistan match

We use cookies to give you the best possible experience. Learn more