മെല്‍ബണ്‍: 2015 ക്രിക്കറ്റ് ലോകകപ്പ് ഓസ്‌ട്രേലിയക്ക്. ന്യൂസിലന്റിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഓസ്‌ട്രേലിയ അഞ്ചാം തവണയും ലോക കിരീടം സ്വന്തമാക്കിയത്. 1987, 1999, 2003, 2007 വര്‍ഷങ്ങളിലാണ് ഓസ്‌ട്രേലിയ ഇതിനു മുമ്പ് വിജയക്കൊടി പാറച്ചത്. ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ അവസാന മത്സരം കൂടിയായിരുന്നു ഇത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്റിനെ 183 റണ്‍സില്‍ തകര്‍ക്കുകയായിരുന്നു. ഓസീസ് ബോളര്‍മാരുടെ തകര്‍പ്പന്‍ പന്തപകളോട് പൊരുതി നില്‍ക്കാന്‍ ന്യൂസിലന്റിനായില്ല.
മൈക്കല്‍ ക്ലാര്‍ക്ക് (74), സ്റ്റീവ് സ്മിത്ത്(56), ഡേവിഡ് വാര്‍ണര്‍(45) എന്നിവരാണ് ഓസീസ് നിരയെ വിജയത്തിലെത്തിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 33ാമത്തെ ഓവറിലാണ് ടീം വിജയത്തിലെത്തിയത്.
ന്യൂസിലന്റിന് തുടക്കം തിരിച്ചടിയാണുണ്ടായത് ആദ്യ ഓവറില്‍ തന്നെ ന്യൂസിലന്റ് ടീമിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ആയ ബ്രണ്ടന്‍ മക്കല്ലത്തെ(0) ടീമിന് നഷ്ടമായി. അഞ്ചാമനായി ഇറങ്ങിയ ഗ്രാന്റ് എല്ലിയോട്ട്(83) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. എല്ലിയോട്ട് പുറത്തായതോടെ ടീം ചെറിയ സ്‌കോറിലേക്ക് ഒതുങ്ങുകയായിരുന്നു. 33 റണ്‍സ് എടുക്കുന്നതിനിടെയാണ് ന്യൂസിലന്റിന് ഏഴ് വിക്കറ്റുകള്‍ നഷ്ടമായത്.
ആസ്‌ത്രേലിയന്‍ ബോളര്‍മാരുടെ ആക്രമണോത്സുകമായി ബോളിങ്ങാണ് ആസ്‌ത്രേലിയക്ക് മുതല്‍കൂട്ടായത്. അഞ്ച് ന്യൂസിലന്റ് ബാറ്റ്‌സ്മാന്‍ മാരാണ് പൂജ്യം റണ്‍സില്‍ മടങ്ങിയത്. മിച്ചല്‍ ജോണ്‍സണും ജേയിംസ് ഫോക്ക്‌നറും മൂന്ന് വിക്കറ്റുകള്‍ വീതമെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ഗ്ലെന്‍ മാക്‌സവെല്‍ ഒന്നും വിക്കറ്റെടുത്തു.