സ്‌കോട്‌ലാന്‍ഡിന്റെ എല്ലൊടിച്ച് കങ്കാരുപ്പട!
Sports News
സ്‌കോട്‌ലാന്‍ഡിന്റെ എല്ലൊടിച്ച് കങ്കാരുപ്പട!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th September 2024, 10:45 pm

സ്‌കോട്‌ലാന്‍ഡിന് എതിരായ രണ്ടാം ടി ട്വന്റിയില്‍ 70 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കം പിഴച്ചെങ്കിലും ജോഷ് ഇംഗ്ലിസിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്.

20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സായിരുന്നു ടീം നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സ്‌കോട്‌ലാന്‍ഡിന് 16.4 ഓവറില്‍ വെറും 126 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു സ്‌കോട്‌ലാന്‍ഡ്.

ഓസീസിന് വേണ്ടി മൂന്നാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ജോഷ് 49 പന്തില്‍ 7 സിക്സറും 7 ഫോറും ഉള്‍പ്പെടെ 103 റണ്‍സാണ് അടിച്ചുകൂട്ടിയത്. 210.2 എന്ന മികച്ച സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു ജോഷിന്റെ അമ്പരപ്പിക്കുന്ന പ്രകടനം. 43 പന്തലായിരുന്നു താരം സെഞ്ച്വറി സ്വന്തമാക്കിയത്.

സ്‌കോട്‌ലാന്‍ഡിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ബ്രണ്ടന്‍ മക്കല്ലനായിരുന്നു. 42 പന്തില്‍ നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 59 റണ്‍സ് ആണ് നേടിയത്. ഓപ്പണര്‍ ജോര്‍ജ് മുന്‍സെ 9 പന്തില്‍ 19 റണ്‍സ് നേടിയെങ്കിലും മറ്റാര്‍ക്കും തന്നെ രണ്ടക്കം കാണാന്‍ സാധിച്ചില്ല.

ഓസ്‌ട്രേലിയക്ക് വേണ്ടി മാര്‍ക്കസ് സ്റ്റോയിന്‍സിന്റെ തകര്‍പ്പന്‍ ബൗളിങ്ങില്‍ ആണ് സ്‌കോട്ടിഷ് തകര്‍ന്നടിഞ്ഞത്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. താരത്തിന് പുറമേ കാമറൂണ്‍ ഗ്രീന്‍ രണ്ട് വിക്കറ്റും സേവിയര്‍, ആരോണ്‍ ഹാര്‍ഡി, സീന്‍ എബോട്ട്, ആദം സാംപ എന്നിവര്‍ ഓരോന്നും നേടി.

സെഞ്ച്വറി നേടിയ ജോഷിന്റെ വിക്കറ്റ് സ്വന്തമാക്കിയത് ക്രിസ് സോളാണ്. മത്സരത്തില്‍ ജോഷിന് പുറമേ മികച്ച പ്രകടനം നടത്തിയത് കാമറൂണ്‍ ഗ്രീന്‍ ആയിരുന്നു 29 പന്തില്‍ 2 വീതം സിക്സും ഫോറും നേടി 36 റണ്‍സുമായാണ് താരം കൂടാരം കയറിയത്. ബ്രാഡ്‌ലി ക്യൂരിക്കാണ് ഗ്രീനിന്റെ വിക്കറ്റ്. മാര്‍ക്കസ് സ്റ്റോയിസ് 20 റണ്‍സും ഡേവിഡ് 17 റിന്‍സുമായി പുറത്താകാതെ അവസാനഘട്ടത്തില്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.

അപ്രതീക്ഷിതമായ തിരിച്ചടിയായിരുന്നു തുടക്കത്തില്‍ സ്‌കോട്ട്ലാന്‍ഡ് കങ്കാരുക്കള്‍ക്ക് നല്‍കിയത്. ഓപ്പണിങ് ഇറങ്ങിയ ജാക്ക് ഫ്രെസര്‍ മക്ഗ്രര്‍ഗിനെയും ട്രാവിസ് ഹെഡിനെയും പുറത്താക്കിയാണ് സ്‌കോട്‌ലാന്‍ഡ് തുടങ്ങിയത്. ടീം സ്‌കോര്‍ 11 റണ്‍സില്‍ നില്‍ക്കവെ സ്‌കോട്ടിഷ് പേസ് ബൗളര്‍ ബ്രാഡ്‌ലി ക്യൂരി രണ്ടാം ഓവറില്‍ ട്രാവിസ് ഹെഡിനെ ഗോള്‍ഡന്‍ ഡെക്കാക്കി പറഞ്ഞയക്കുകയായിരുന്നു.

 

Content Highlight: Australia Won Second T-20i Against Scotland