| Tuesday, 30th December 2014, 4:27 pm

മെല്‍ബണ്‍ ടെസ്റ്റ് സമനിലയില്‍; പരമ്പര ഓസീസിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്


മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയക്ക്. മെല്‍ബണില്‍ ഇന്ന് അവസാനിച്ച മൂന്നാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതോടെയാണ് പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഓസ്‌ട്രേലിയയായിരുന്നു വിജയിച്ചിരുന്നത്.

മൂന്നാം ടെസ്റ്റിന്റെ  അവസാന ദിവസം 70 ഓവറിനുള്ളില്‍ 384 റണ്‍സ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ദിനം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളൂ. മത്സരത്തിന്റെ തുടക്കത്തില്‍ വിജയ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യയുടെ ആദ്യ മൂന്ന് വിക്കറ്റുകള്‍ 19 റണ്‍സെടുക്കുന്നതിനിടെ നിലം പൊത്തുകയായിരുന്നു. മുരളി വിജയ് (11), ശിഖര്‍ ധവാന്‍ (0), പുതു മുഖം കെ.എല്‍. രാഹുല്‍ (1) എന്നിവരാണ് പുറത്തായിരുന്നത്.

പിന്നീട് ഒത്തു ചേര്‍ന്ന അജിങ്ക്യ രഹാനെ(48), വിരാട് കോഹ്‌ലി(54) സഖ്യം മത്സരം സമനിലയാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇരുവരും കൂടെ 85 റണ്‍സിന്റെ കൂട്ട് കെട്ടാണ് പടുത്തുയര്‍ത്തിയത്. പിന്നീട് ഏഴാം വിക്കറ്റില്‍  മാത്രമാണ് മറ്റൊരു കൂട്ട് കെട്ടുണ്ടായത്. ധോനിയും അശ്വിനും കൂടെ 32 റണ്‍സാണ് പ്രതിരോധമെന്ന നിലയില്‍ നേടിയത്.

ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചല്‍ ജോണ്‍സന്‍, ഹാരിസ്, ഹേസല്‍ വുഡ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. മത്സരത്തില്‍ ആറു വിക്കറ്റും ആദ്യ ഇന്നിംഗ്‌സില്‍ 76 റണ്‍സുമെടുത്ത റ്യാന്‍ ഹാരിസാണ് മാന്‍ ഓഫ് ദ മാച്ച്. നേരത്തെ റോജേഴ്‌സ്(69) ഷോണ്‍ മാര്‍ഷ് (99), വാര്‍ണര്‍ (40) എന്നിവരുടെ മികവിലാണ് ഓസ്‌ട്രേലിയ 318 റണ്‍സെന്ന സ്‌കോര്‍ നേടിയിരുന്നത്.

അതേ സമയം ഒന്നാമിന്നിങ്‌സില്‍ ബാറ്റിംങില്‍ പരാജയപ്പെട്ട പുതുമുഖം രാഹുലിനെ നേരത്തെ ഇറക്കിയ ധോനിയുടെ തീരുമാനം വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ആറു പന്ത് നേരിട്ട രാഹുല്‍ ഒരു റണ്‍സ് മാത്രമാണ് നേടിയത്. പരമ്പരയിലെ അവസാന ടെസ്റ്റ് ജനുവരി അഞ്ചിന് സിഡ്‌നിയില്‍ ആരംഭിക്കും.

We use cookies to give you the best possible experience. Learn more