| Saturday, 5th October 2024, 7:35 pm

ലങ്കയെ ചാമ്പലാക്കി കങ്കാരുപ്പട; നാണകെട്ട രണ്ടാം തോല്‍വി

സ്പോര്‍ട്സ് ഡെസ്‌ക്

2024 വിമണ്‍സ് ടി-20 ലോകകപ്പില്‍ ഇന്ന് നടന്ന മത്സരത്തില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് ആണ് നേടിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 14.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സീസണില്‍ ലങ്ക രണ്ടാമത്തെ തോല്‍വിയാണ് ഏറ്റുവാങ്ങുന്നത്.

ഓസീസിന് വേണ്ടി ഓപ്പണര്‍ ബെത് മൂണി 38 പന്തില്‍ നിന്ന് നാല് ഫോര്‍ ഉള്‍പ്പെടെ പുറത്താക്കാതെ 43 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. എന്നാല്‍ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ അലീസ ഹീലി നാല് റണ്‍സിനും ജോര്‍ജിയ വേര്‍ഹാം മൂന്ന് റണ്‍സിനും പുറത്തായിരുന്നു.

തുടര്‍ന്ന് എല്ലിസ് പെരി 17 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്തി. ലങ്കയ്ക്ക് വേണ്ടി ഉദേശിക പ്രബോധിനി, ഇനോക്ക രണവീര, സുഗന്ധിക കുമാരി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടിയിരുന്നു.

എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ഓപ്പണര്‍ വിഷ്മി ഗുണരത്‌നെ പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു മൂന്ന് റണ്‍സിനും പുറത്തായി. തുടര്‍ന്ന് ഹര്‍ഷിത സമരവിക്രമ ടീമിനുവേണ്ടി 23 റണ്‍സ് നേടി പിടിച്ചുനിന്നു.

എന്നാല് സോഫിയ മൊലീനക്‌സ് താരത്തെ പുറത്താക്കുകയായിരുന്നു. പിന്നീട് ലങ്കയ്ക്കുവേണ്ടി പിടിച്ചുനിന്നത് നീലക്ഷി ഡി സില്‍വയാണ്. 29 റണ്‍സ് നേടി പുറത്താക്കാതെയാണ് താരം കളി മുന്നോട്ടു കൊണ്ടുപോയത്. മറ്റാര്‍ക്കും തന്നെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

Content Highlight: Australia Won Against Sri Lanka In 2024 Women’s T-20

We use cookies to give you the best possible experience. Learn more