| Sunday, 11th February 2024, 9:15 pm

2023 ലോകകപ്പ് ആവര്‍ത്തിച്ചു; U19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി

സ്പോര്‍ട്സ് ഡെസ്‌ക്

2024 അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് നാലാം കിരീടം. 79 റണ്‍സിനാണ് ഇന്ത്യക്ക് പരാജയപ്പെടേണ്ടി വന്നത്. ഇതോടെ ഇന്ത്യയുടെ ആറാം ലോകകപ്പ് കിരീടസ്വപ്‌നം പാഴാകുകയാണ്. 2023 ഐ.സി.സി ഏകദിന ലോകകപ്പില്‍ ഇന്ത്യ ഇതേ രീതിയിലാണ് തോല്‍വി വഴങ്ങിയത്. എല്ലാ മത്സരങ്ങളും വിജയിച്ച് ഒടുക്കം ഫൈനലില്‍ ഓസീസിനോട് പാരാജയം ഏറ്റു വാങ്ങുകയായിരുന്നു ഇന്ത്യ. ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത ഓസ്ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 43.5 ഓവറില്‍ 174 റണ്‍സിന് ഓല്‍ ഔട്ട് ആവുകയായിരുന്നു.

ഓപ്പണര്‍ ആദര്‍ശ് സിങ് 77 പന്തില്‍ നിന്ന് ഒരു സിക്‌സറും നാലു ബൗണ്ടറികളും ഉള്‍പ്പെടെ 47 റണ്‍സ് നേടി. അര്‍ഷിന്‍ കുല്‍ക്കര്‍ണി വെറും മൂന്ന് റണ്‍സിന് കൂടാരം കയറിയതോടെ മുഷീര്‍ ഖാന്‍ 33 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 22 റണ്‍സ് നേടി കുറച്ചെങ്കിലും പിടിച്ചുനിന്നു. ക്യാപ്റ്റന്‍ ഉദയ് സഹറാന്‍ എട്ടു റണ്‍സും സച്ചിന്‍ദാസ്, പ്രിയന്‍ഷൂ മോളിയാ എന്നിവര്‍ ഒന്‍പതു റണ്‍സിനും കൂടാരം കയറി. മധ്യനിരയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ആരവല്ലി അവനിഷ് റാവു പൂജ്യം റണ്‍സിനും പുറത്തായി.

ഏറെ വിജയപ്രതീക്ഷ നല്‍കിയ മുരുകന്‍ പെരുമാള്‍ അഭിഷേക് 46 പന്തില്‍ ഒരു സിക്‌സറും 5 ബൗണ്ടറിയും ഉള്‍പ്പെടെ 42 റണ്‍സ് നേടി പൊരുതി നിന്നിരുന്നു. ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചെങ്കിലും രാജ് ലിംബാനിക്ക് പൂജ്യം റണ്‍സിനാണ് പുറത്തായത്. അഭിഷേകിന് കൂട്ട് നിന്ന നമന്‍ തിവാരി ഒരു സിക്‌സര്‍ അടക്കം 35 പന്തില്‍ 14 നേടി.

കങ്കാരുക്കളുടെ ബൗളിങ് അറ്റാക്കില്‍ ഇന്ത്യ അടിതെറ്റുകയായിരുന്നു. മഹ്‌ലി ബേര്‍ഡ് മാന്‍ ഏഴ് ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം 15 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് തകര്‍പ്പന്‍ വിക്കറ്റുകള്‍ നേടി. 2.14 എന്ന മിന്നും ഇക്കണോമിയിലാണ് താരം ബൗള്‍ ചെയ്തത്. 10 ഓവര്‍ എറിഞ്ഞ റാഫേല്‍ മാക്മിലണ്‍ 43 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. കല്ലം വിഡ്ല്‍ര്‍ രണ്ട് വിക്കറ്റും ചാര്‍ലി ആന്റേഴ്‌സന്‍, ടോം സ്ട്രാക്കര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഓസീസിന് വേണ്ടി ഓപ്പണിങ് ഇറങ്ങിയ ഹാരി ഡിക്സോണ്‍ 56 പന്തില്‍ ഒരു സിക്സറും മൂന്ന് ബൗണ്ടറിയും അടക്കം 42 റണ്‍സ് നേടി മികച്ച തുടക്കം നല്‍കിയപ്പോള്‍ സാം കോണ്‍സ്റ്റസ് പൂജ്യം റണ്‍സിനാണ് പുറത്തായത്. ക്യാപ്റ്റന്‍ ഹ്യൂഗ് വെയ്ബ്ജന്‍ 66 പന്തില്‍ നിന്നും അഞ്ചു ബൗണ്ടറികള്‍ അടക്കം 48 റണ്‍സ് നേടി. ഹര്‍ജാസ് സിങ് 64 പന്തില്‍ നിന്ന് മൂന്ന് സിക്സറുകളും മൂന്ന് ബൗണ്ടറികളും അടക്കം 55 റണ്‍സ് നേടി ഫൈനലില്‍ ടീമിനു വേണ്ടി ഏക അര്‍ധ സെഞ്ച്വറി നേടിക്കൊടുത്തു. 85.94 എന്ന സ്ട്രൈക്ക് റേറ്റില്‍ ആണ് താരം ബാറ്റ് വീശിയത്.

റിയാല്‍ ഹിക്സ് 20 റണ്‍സിന് പുറത്തായപ്പോള്‍ ഒല്ലി പീക്ക് 43 പന്തില്‍ നിന്ന് ഒരു സിക്സറും രണ്ട് ബൗണ്ടറികളും അടക്കം 46 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ രാജ് ലിംബാനിയുടെ മികച്ച പ്രകടനത്തിലാണ് ഓസീസിന്റെ റണ്ണൊഴുക്ക് തടഞ്ഞത്. 10 ഓവറില്‍ 38 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ ആണ് താരം നേടിയത്. അതേസമയം തിരുവാരി 63 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. പിന്‍ ബൗളര്‍ സൗമ്യകുമാര്‍ പാണ്ഡെ ഒരു വിക്കറ്റും മുഷീര്‍ ഖാന്‍ ഒരു വിക്കറ്റും നേടി.

Content Highlight: Australia Won 2024 U19 World Cup

We use cookies to give you the best possible experience. Learn more