| Tuesday, 9th January 2024, 10:07 pm

ഫൈനൽ മാച്ചിൽ ഇന്ത്യ വീണു; ഓസീസിന് കിരീടം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ വുമണ്‍സ് മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ വുമണ്‍സ് ടീം. ഇന്ത്യയെ ഏഴ് വിക്കറ്റുകൾക്കാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്.

നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ റിച്ച ഘോഷ് 28 പന്തില്‍ 34 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ടു ഫോറുകളുടെയും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടുകൂടി ആയിരുന്നു റിച്ച ഘോഷിന്റെ തകര്‍പ്പന്‍ പ്രകടനം.

റിച്ചക്ക് പുറമേ ഓപ്പണര്‍മാരായ ഷഫാലി വര്‍മ 26 റണ്‍സും സ്മൃതി മന്ദാന 29 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ 147 റണ്‍സ് ഓസീസിന് മുന്നില്‍ പടുത്തുയര്‍ത്തുകയായിരുന്നു.

ഓസീസ് ബൗളിങ് നിരയില്‍ അന്നബെല്‍ സതര്‍ലാന്‍ഡ് ജോര്‍ജിയ വെയര്‍ഹാം എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. മേഗന്‍ ഷട്ട് , കിം ഗാര്‍ത്ത് എന്നിവരായിരുന്നു മറ്റ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ 18.4 ഓസ്‌ട്രേലിയ ഓവറിൽ ഒമ്പത് വിക്കറ്റുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തിൽ ഓസ്ട്രേലിയ തുടക്കത്തിലെ ആക്രമിച്ചു കളിക്കുകയായിരുന്നു. ടീം സ്‌കോര്‍ 85ല്‍ നില്‍ക്കേ ക്യാപ്റ്റന്‍ അലീസ ഹീലിയെ ഓസീസിന് നഷ്ടമായി. 38 പന്തില്‍ 55 റണ്‍സ് നേടി കൊണ്ടായിരുന്നു ഓസീസ് ക്യാപ്റ്റന്റെ മിന്നും ഇന്നിങ്‌സ്. ഒമ്പത് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഹീലിയുടെ ബാറ്റിങ്.

ഓസീസ് ക്യാപ്റ്റനൊപ്പം ബേത്ത്‌ മൂണി 44 റൺസ് നേടി മികച്ച പ്രകടനം നടത്തിയപ്പോൾ ഓസ്ട്രേലിയ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസ്‌ട്രേലിയന്‍ വുമണ്‍സ് സ്വന്തമാക്കി. അതേസമയം ആദ്യ മത്സരത്തില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ ആറ് വിക്കറ്റുകള്‍ക്ക് ഇന്ത്യയെ വീഴ്ത്തി പരമ്പരയില്‍ തിരിച്ചുവരികയുമായിരുന്നു.

Content Highlight: Australia womes team beat india womens in T20.

We use cookies to give you the best possible experience. Learn more