സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മേല്‍ താലിബാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനെതിരായ ഏകദിന അന്താരാഷ്ട്ര (ഒ.ഡി.ഐ) പരമ്പരയില്‍ നിന്ന് ഓസ്ട്രേലിയ പിന്മാറി. മാര്‍ച്ചില്‍ യു.എ.ഇ വേദിയായ ഏകദിന പരമ്പരയില്‍ പുരുഷ ടീം കളിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.
താലിബാന്‍ ഭരണകൂടം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മേല്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഡിസംബറില്‍ പെണ്‍കുട്ടികളെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നതില്‍ നിന്നും സര്‍വകലാശാലകളില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. കൂടാതെ പാര്‍ക്കുകളിലും ജിമ്മുകളില്‍ സ്ത്രീകളും പ്രവേശിക്കുന്നത് നിരോധിച്ചിരുന്നു.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും, തൊഴിലവസരങ്ങളും നിഷേധിക്കുന്ന താലിബാന്റെ സമീപനം അംഗീകരിക്കാനാകില്ലെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി ആലോചിച്ചാണ് തീരുമാനമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
സ്ത്രീപക്ഷസമീപനം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അഫ്ഗാനിസ്ഥാനുമായി ആശയവിനിമയം തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
താലിബാന്‍ രാജ്യത്തിന്റെ നിയന്ത്രണമേറ്റെടുത്ത ശേഷം അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി അനിശ്ചിതത്വത്തിലാവുമോയെന്ന് ക്രിക്കറ്റ് പ്രേമികള്‍ ആശങ്കപ്പെട്ടിരുന്നു. ഇത് രണ്ടാം തവണയാണ് താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണമേറ്റെടുത്തത്.
നേരത്തേ 2001ലും സമാനമായ സാഹചര്യമുണ്ടായിരുന്നു. അന്ന് പക്ഷെ കടുത്ത നിലപാടായിരുന്നു അവര്‍ സ്വീകരിച്ചത്. ക്രിക്കറ്റുള്‍പ്പെടെയുള്ള കായിക ഇനങ്ങള്‍ മാത്രമല്ല മിക്ക വിനോദങ്ങളും താലിബാന്‍ നിരോധിച്ചിരുന്നു. മാത്രല്ല വധശിക്ഷ നടപ്പാക്കാനുള്ള വേദിയായിട്ടായിരുന്നു അന്നു അവര്‍ രാജ്യത്തെ സ്റ്റേഡിയങ്ങള്‍ ഉപയോഗിച്ചിരുന്നത്.
ഇത്തവണ കുറേക്കൂടി നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് താലിബാന്‍. അഫ്ഗാന്‍ ക്രിക്കറ്റ് ടീം നിലവില്‍ ഏഷ്യയിലെ മികച്ച ടീമുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്.
റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവരെപ്പോലെയുള്ള സൂപ്പര്‍ താരങ്ങളും അഫ്ഗാനില്‍ നിന്നും ലോക ക്രിക്കറ്റിനെ കീഴടക്കുകയും ചെയ്തിരുന്നു.
ഐ.സി.സിയുടെ ടി-20 ബൗളര്‍മാരുടെ റാങ്കിങില്‍ റാഷിദ് മൂന്നാംസ്ഥാനത്തുണ്ട്. കൂടാതെ ഓള്‍റൗണ്ടര്‍മാരില്‍ ലോകത്തിലെ രണ്ടാം നമ്പര്‍ താരം കൂടിയാണ് നബി. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരങ്ങളായ ഇരുവര്‍ക്കും ഇന്ത്യയിലും ഏറെ ആരാധകരുണ്ട്.
Content Highlights: Australia withdraws from ODI series against Afghanistan due to Taliban restrictions on women’s sport