2023 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയ പരാജയപ്പെട്ടിരിക്കുകയാണ്. ലഖ്‌നൗ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ 134 റണ്‍സിന്റെ പടുകൂറ്റന്‍ തോല്‍വിയാണ് ഓസീസിന് വഴങ്ങേണ്ടി വന്നത്.
സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 312 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കങ്കാരുക്കള്‍ 40.5 ഓവറില്‍ 177 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
സൗത്ത് ആഫ്രിക്കയോട് 134 റണ്‍സിന് തോല്‍ക്കേണ്ടി വന്നതോടെ ഒരു മോശം റെക്കോഡും ഓസ്‌ട്രേലിയ സ്വന്തമാക്കി. റണ്‍സ് അടിസ്ഥാനത്തില്‍ ലോകകപ്പില്‍ തങ്ങളുടെ ഏറ്റവും വലിയ തോല്‍വിയാണ് ഓസീസ് ലഖ്‌നൗവില്‍ ഏറ്റുവാങ്ങിയത്. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1983 ലോകകപ്പില്‍ ഇന്ത്യയോട് 118 റണ്‍സിന് പരാജയപ്പെട്ടതിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ തോല്‍വി (റണ്‍സ് അടിസ്ഥാനത്തില്‍)
(റണ്‍സ് – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
134 – സൗത്ത് ആഫ്രിക്ക – ലഖ്‌നൗ – 2023
118 – ഇന്ത്യ – ചെംസ്‌ഫോര്‍ഡ് – 1983
101 – വെസ്റ്റ് ഇന്‍ഡീസ് – ലീഡ്‌സ് – 1983
89 – പാകിസ്ഥാന്‍ – നോട്ടിങ്ഹാം – 1979
മത്സരത്തില്‍ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ കണക്കുകൂട്ടലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ തെറ്റിച്ചാണ് ക്വിന്റണ്‍ ഡി കോക്ക് ബാറ്റ് വീശിയത്. ആദ്യ വിക്കറ്റില്‍ ക്യാപ്റ്റന്‍ തെംബ ബാവുമക്കൊപ്പം 108 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഡി കോക്ക് കെട്ടിപ്പടുത്തത്.
ബാവുമ പുറത്തായപ്പോള്‍ റാസി വാന്‍ ഡെര്‍ ഡസനും ഏയ്ഡന്‍ മര്‍ക്രമിനുമൊപ്പമായി ഡി കോക്കിന്റെ വെടിക്കെട്ട്. ഒടുവില്‍ ടീം സ്‌കോര്‍ 197ല്‍ നില്‍ക്കവെ 106 പന്തില്‍ 109 റണ്‍സ് നേടി ഡി കോക്ക് പുറത്തായി. എട്ട് ഫോറും അഞ്ച് സിക്‌സറുമായിരുന്നു ഡി കോക്കിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.
ഏയ്ഡന്‍ മര്‍ക്രം അര്‍ധ സെഞ്ച്വറി നേടി ഡി കോക്കിന് മികച്ച പിന്തുണ നല്‍കിയതോടെ പ്രോട്ടീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് നേടി.
കൂറ്റന്‍ ലക്ഷ്യം ചെയ്‌സ് ചെയ്തിറങ്ങിയ ഓസ്‌ട്രേലിയക്ക് 27 റണ്‍സിനിടെ ഓപ്പണര്‍മാര്‍ രണ്ട് പേരെയും നഷ്ടമായി. സ്റ്റീവ് സ്മിത് 19 റണ്‍സിനും ജോഷ് ഇംഗ്ലിസ് അഞ്ച് റണ്‍സിനും ഗ്ലെന്‍ മാക്‌സ്‌വെല്‍ മൂന്ന് റണ്‍സിനും മാര്‍കസ് സ്‌റ്റോയ്‌നിസ് അഞ്ച് റണ്‍സിനും പുറത്തായതോടെ ഓസീസ് 70ന് ആറ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.
മാര്‍നസ് ലബുഷാന്‍ മാത്രമാണ് ഓസീസ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. 74 പന്തില്‍ 46 റണ്‍സാണ് ലബുഷാന്‍ നേടിയത്. താരത്തിന് പിന്തുണ നല്‍കാന്‍ മറ്റാര്‍ക്കും സാധിക്കാതെ വന്നതോടെ ഓസീസ് ഈ ലോകകപ്പിലെ രണ്ടാം തോല്‍വിയും ഏറ്റുവാങ്ങി.
ഒക്ടോബര്‍ 16നാണ് ഓസീസിന്റെ അടുത്ത മത്സരം. ശ്രീലങ്കയാണ് എതിരാളികള്‍.
Content highlight: Australia with their biggest loss in world cups