| Thursday, 12th October 2023, 9:34 pm

തോല്‍വിക്ക് മുമ്പേ വമ്പന്‍ നാണക്കേട്, 40 വര്‍ഷത്തില്‍ ഇതാദ്യം; അന്ന് ഇന്ത്യ, ഇന്ന് സൗത്ത് ആഫ്രിക്ക

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാതെ പാടുപെടുന്ന ഓസ്‌ട്രേലിയയാണ് ലഖ്‌നൗ ഏകാന സ്‌പോര്‍ട്‌സ് സിറ്റിയിലെ കാഴ്ച. മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ വ്യക്തിഗത സ്‌കോര്‍ ഉയര്‍ത്താനോ ഓസീസിന് സാധിച്ചിരുന്നില്ല.

സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 312 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ കങ്കാരുക്കള്‍ക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ട ഓസീസ് ശേഷം ഇരുട്ടില്‍ തപ്പുകയായിരുന്നു.

ടീം സ്‌കോര്‍ 27ല്‍ നില്‍ക്കവെയാണ് മിച്ചല്‍ മാര്‍ഷിനെയും ഡേവിഡ് വാര്‍ണറിനെയും കങ്കാരുക്കള്‍ക്ക് നഷ്ടമായത്. 50ല്‍ നില്‍ക്കവെ മൂന്നാം വിക്കറ്റായി സ്റ്റീവ് സ്മിത്തിനെയും 54ല്‍ നില്‍ക്കവെ നാലാമനായി ജോഷ് ഇംഗ്ലിസിനെയും കഗീസോ റബാദ പുറത്താക്കി.

ഇന്ത്യന്‍ മണ്ണില്‍ വിസ്മയം കാട്ടിയിരുന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയാണ് ഓസീസിന് അഞ്ചാമതായി നഷ്ടമായത്. ടീം സ്‌കോര്‍ 65ല്‍ നില്‍ക്കവെ കേശവ് മഹാരാജിന് റിട്ടേണ്‍ ക്യാച്ച് നല്‍കിയായിരുന്നു മാക്‌സിയുടെ മടക്കം.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഓസീസിന് 70 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് അഞ്ച് വിക്കറ്റ് നഷ്ടമാകുന്നത്. ഇതിന് മുമ്പ് 1983 ലോകകപ്പില്‍ ഇന്ത്യക്കെതിരെയായിരുന്നു ഓസീസിന്റെ പതനം. 52 റണ്‍സിനിടെയാണ് ഓസീസിന്റെ അഞ്ച് മുന്‍ നിര വിക്കറ്റുകള്‍ വീണത്.

ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ഓസീസിന് മൂന്ന് റണ്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ശേഷം 46ാം റണ്‍സിലാണ് രണ്ടാം വിക്കറ്റ് നഷ്ടമായത്.

എന്നാല്‍ ആറ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് ഓസീസ് വലിച്ചെറിഞ്ഞത്. റോജര്‍ ബിന്നി – മദന്‍ ലാല്‍ മാജിക്കിലാണ് ഓസീസ് ചീട്ടുകൊട്ടാരം പോലെ വീണത്.

മത്സരത്തില്‍ ഓസീസ് 129 റണ്‍സിന് ഓള്‍ ഔട്ടാവുകയും ഇന്ത്യ 118 റണ്‍സിന്റെ വിജയം ആഘോഷിക്കുകയും ചെയ്തിരുന്നു. മദന്‍ ലാലും റോജര്‍ ബിന്നിയും നാല് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ബല്‍വീന്ദര്‍ സന്ധു ശേഷിക്കുന്ന രണ്ട് വിക്കറ്റും വീഴ്ത്തി.

അതേസമയം, സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ ഓസീസിന് എട്ടാം വിക്കറ്റും നഷ്ടപ്പെട്ടിരിക്കുകയാണ്. നിലവില്‍ 37 ഓവര്‍ പിന്നിടുമ്പോള്‍ 162 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ്.

രണ്ട് വിക്കറ്റ് മാത്രം കയ്യിലിരിക്കെ വിജയിക്കാന്‍ 78 പന്തില്‍ 150 റണ്‍സാണ് ഓസീസിന് വേണ്ടത്. 11 പന്തില്‍ 15 റണ്‍സുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും അഞ്ച് പന്തില്‍ അഞ്ച് റണ്‍സുമായി ആദം സാംപയുമാണ് ക്രീസില്‍.

Content highlight:  Australia with a bad record in the World Cup

Latest Stories

We use cookies to give you the best possible experience. Learn more