ഇനിയിപ്പോള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ആ ഡയലോഗ് തന്നെ പറയാം...
World Test Championship
ഇനിയിപ്പോള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ആ ഡയലോഗ് തന്നെ പറയാം...
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 11th June 2023, 5:34 pm

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി. തുടര്‍ച്ചയായ രണ്ടാം ഫൈനലിലാണ് ഇന്ത്യ വീണ്ടും കണ്ണീര് കുടിക്കുന്നത്. നേരത്തെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2019-21 സൈക്കിളിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട ഇന്ത്യ, 2021-23 സൈക്കിളിലും പരാജയം നേരിട്ടിരിക്കുകയാണ്.

അവസാന ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ഏഴ് വിക്കറ്റും വലിച്ചെറിഞ്ഞാണ് ഇന്ത്യ പരാജയം ചോദിച്ചുവാങ്ങിയത്. അവസാന ഇന്നിങ്‌സില്‍ 444 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 234 റണ്‍സിന് ഓള്‍ ഔട്ടായി. 209 റണ്‍സിനായിരുന്നു ഓസീസിന്റെ പടുകൂറ്റന്‍ വിജയം.

അവസാന ദിവസം ഏഴ് വിക്കറ്റുമായി കളത്തിലിറങ്ങിയ ഇന്ത്യ ആദ്യ സെഷനില്‍ തന്നെ ചീട്ടുകൊട്ടാരത്തേക്കാള്‍ വേഗത്തില്‍ തകര്‍ന്നടിയുകയായിരുന്നു. ആദ്യ സെഷനിലെ ആദ്യ നിമിഷങ്ങളില്‍ തന്നെ വിക്കറ്റായി വിരാട് കോഹ്‌ലി പുറത്തായപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ അപടകം മണത്തിരുന്നു. 49 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

47ാം ഓവറിലെ മൂന്നാം ഓവറില്‍ സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ വിരാട് പുറത്തായപ്പോള്‍, ആ ഓവറിലെ അഞ്ചാം പന്തില്‍ രവീന്ദ്ര ജഡേജയും പുറത്തായി. പ്രതീക്ഷയായിരുന്ന അജിന്‍ക്യ രഹാനെയും മടങ്ങിയതിന് പിന്നാലെ വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു ഓവല്‍ കണ്ടത്.

View this post on Instagram

A post shared by ICC (@icc)

ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയ ഷര്‍ദുല്‍ താക്കൂര്‍ രണ്ടാം ഇന്നിങ്‌സില്‍ ഡക്കായി മടങ്ങിയപ്പോള്‍, ഉമേഷ് യാദവും മുഹമ്മദ് സിറാജും ഒറ്റ റണ്‍സ് നേടി പുറത്തായി. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ശ്രീകര്‍ ഭരത് മാത്രമാണ് അവസാന ദിവസം പിടിച്ചുനിന്നത്. 41 പന്തില്‍ നിന്നും 23 റണ്‍സ് നേടിയാണ് താരം പുറത്തായത്.

കഴിഞ്ഞ സൈക്കിളിലേതെന്ന പോലെ ഈ ഫൈനലിലും പടിക്കല്‍ കലമുടച്ചതിന് പിന്നാലെ ‘അടുത്ത സാല കപ്പ് നംദേ’ എന്ന് പറഞ്ഞുകൊള്ളാനാണ് ആരാധകരും പറയുന്നത്.

ബാറ്റിങ് നിര തകര്‍ന്നടിഞ്ഞാണ് ഇന്ത്യ പരാജയം ചോദിച്ചുവാങ്ങിയത്.

ഇന്ത്യക്കെതിരായ വിജയത്തിനും ചാമ്പ്യന്‍ഷിപ്പ് നേട്ടത്തിനും പിന്നാലെ മധുരപ്രതികാരം വീട്ടാനും കങ്കാരുക്കള്‍ക്കായി. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലടക്കം ഇന്ത്യയോടേറ്റുവാങ്ങിയ തോല്‍വിക്ക് ബിഗ് ഫൈനലില്‍ തന്നെ മറുപടി കൊടുക്കാനും ഓസീസിന് സാധിച്ചു.

 

Content highlight: Australia wins World Test Championship