icc world cup
തോറ്റുതോറ്റ് ജയിച്ച ആദ്യ മത്സരത്തില്‍ ഓസീസ് നേടിയത് ചരിത്ര റെക്കോഡ്; ഓസീസ് ഈസ് ബാക്ക്
2023 ലോകകപ്പില്‍ ആദ്യ ജയം നേടി ഓസ്‌ട്രേലിയ. ലഖ്‌നൗ എകാന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ചാണ് ഓസ്‌ട്രേലിയ ഈ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയത്. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറക്കാനും അവസാന സ്ഥാനത്ത് നിന്നും രക്ഷപ്പെടാനും ഓസ്‌ട്രേലിയക്കായി.
ശ്രീലങ്ക ഉയര്‍ത്തിയ 210 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു. ജോഷ് ഇംഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, മാര്‍നസ് ലബുഷാന്‍ എന്നിവരുടെ ഇന്നിങ്‌സാണ് ഓസ്‌ട്രേലിയക്ക് വിജയം നേടിക്കൊടുത്തത്.
ഈ വിജയത്തിന് പിന്നാലെ ഒരു റെക്കോഡും ഓസ്‌ട്രേലിയയെ തേടിയെത്തിയിരുന്നു. ലോകകപ്പില്‍ ഒരു പ്രത്യേക എതിരാളികളോട് നേടുന്ന ഏറ്റവുമധികം വിജയത്തിന്റെ റെക്കോഡാണ് ഓസീസ് സ്വന്തമാക്കിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത് ഒമ്പതാം തവണയാണ് ശ്രീലങ്ക ഓസ്‌ട്രേലിയയോട് പരാജയപ്പെടുന്നത്.
1996 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ച് അര്‍ജുന രണതുംഗയും സംഘവും കപ്പുയര്‍ത്തിയതിന് ശേഷം ഒരിക്കല്‍ പോലും ലങ്കക്ക് ഓസീസിനെ ലോകകപ്പില്‍ മറികടക്കാന്‍ സാധിച്ചിട്ടില്ല.
അതേസമയം, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. 125 റണ്‍സിന്റെ ടോട്ടലാണ് പാതും നിസംഗയും കുശാല്‍ പെരേരയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ അടിച്ചുകൂട്ടിയത്. 61 പന്തില്‍ 67 റണ്‍സ് നേടിയ നിസംഗയെ പുറത്താക്കി പാറ്റ് കമ്മിന്‍സാണ് കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെയെത്തിയ കുശാല്‍ മെന്‍ഡിസനും സധീര സമരവിക്രമക്കും ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയി. ഒരുവേള 152 റണ്‍സിന് ഒന്ന് എന്ന നിലയില്‍ നിന്ന ലങ്ക 52 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ശേഷിക്കുന്ന ഒമ്പത് വിക്കറ്റും വലിച്ചെറിഞ്ഞത്.
82 പന്തില്‍ 78 റണ്‍സ് നേടിയ കുശാല്‍ പെരേരയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.
ഓസീസിനായി ഉസ്മാന്‍ ഖവാജ നാല് വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും തിളങ്ങിയപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് നാല് ഓവറിനകം തന്നെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ആറ് പന്തില്‍ 11 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറിന്റെയും അഞ്ച് പന്തില്‍ ഡക്കായി പുറത്തായ സ്റ്റീവ് സ്മത്തിന്റെയും വിക്കറ്റാണ് ഓസീസിന് നഷ്ടമായത്.
എന്നാല്‍ പിന്നാലെയെത്തിയ മാര്‍നസ് ലബുഷാനെ കൂട്ടുപിടിച്ച് മിച്ചല്‍ മാര്‍ഷ് സ്‌കോര്‍ ഉയര്‍ത്തി. 51 പന്തില്‍ 52 റണ്‍സ് നേടിയ മാര്‍ഷ് റണ്‍ ഔട്ടായും 60 പന്തില്‍ 40 റണ്‍സ് നേടിയ ലബുഷാന്‍ മധുശങ്കക്കും വിക്കറ്റ് നല്‍കി മടങ്ങി.
എന്നാല്‍ അഞ്ചാമനായി ഇറങ്ങിയ ജോസ് ഇംഗ്ലിസും ഫിനിഷറുടെ റോളില്‍ ഇറങ്ങിയ ഗ്ലെന്‍ മാക്‌സ്‌വെല്ലും മത്സരം ഓസീസിന് അനുകൂലമാക്കുകയായിരുന്നു.
ഒടുവില്‍ 88 പന്തും അഞ്ച് വിക്കറ്റും കയ്യിലിരിക്കെ ഓസ്‌ട്രേലിയ വിജയം കുറിച്ചു. ലോകകപ്പില്‍ തന്റെ മികച്ച ബൗളിങ് ഫിഗര്‍ സ്വന്തമാക്കിയ ആദം സാംപയാണ് കളിയിലെ താരം.
ഒക്ടോബര്‍ 20നാണ് ഓസ്ട്രലിയയുടെ അടുത്ത മത്സരം. ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.
Content Highlight: Australia wins their first match in 2023 world cup