| Saturday, 6th January 2024, 8:47 am

ഇതിലും മികച്ച രീതിയില്‍ ഇവനെങ്ങനെ പടിയിറങ്ങും; വിരമിക്കല്‍ മത്സരത്തില്‍ ഓസീസിനെ ജയിപ്പിച്ച് വാര്‍ണര്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റില്‍ വിജയിച്ച് പരമ്പര തൂത്തുവാരി ആതിഥേയര്‍. സിഡ്‌നി ടെസ്റ്റില്‍ എട്ട് വിക്കറ്റിന് വിജയിച്ചാണ് ഓസ്‌ട്രേലിയ മൂന്നാം മത്സരവും വിജയിച്ചുകയറിയത്.

സ്‌കോര്‍

പാകിസ്ഥാന്‍ – 313 & 115

ഓസ്‌ട്രേലിയ (T: 130) 299 & 130/2

68ന് ഏഴ് എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച പാകിസ്ഥാന്‍ 115 റണ്‍സിന് ഓള്‍ ഔട്ടായി. നഥാന്‍ ലിയോണും പാറ്റ് കമ്മിന്‍സുമാണ് ശേഷിക്കുന്ന മൂന്ന് വിക്കറ്റുകളും അതിവേഗം പിഴുതെറിഞ്ഞത്.

രണ്ടാം ഇന്നിങ്‌സില്‍ 33 റണ്‍സ് നേടിയ സയിം അയ്യൂബാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഓസ്‌ട്രേലിയക്കായി ജോഷ് ഹെയ്‌സല്‍വുഡ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റും നേടി. ട്രാവിസ് ഹെഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

130 റണ്‍സിന്റെ ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഓസീസിന് തുടക്കത്തിലേ പിഴച്ചിരുന്നു. ആറ് പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെ ഉസ്മാന്‍ ഖവാജ പുറത്തായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡേവിഡ് വാര്‍ണര്‍ – മാര്‍നസ് ലബുഷാന്‍ സഖ്യം ഓസീസിനെ വിജയത്തിലേക്ക് നയിച്ചു.

തന്റെ കരിയറിലെ അവസാന ടെസ്റ്റ് ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് വാര്‍ണര്‍ പടിയിറക്കം ഗംഭീരമാക്കിയത്. 75 പന്തില്‍ ഏഴ് ബൗണ്ടറിയുടെ അകമ്പടിയോടെ 57 റണ്‍സാണ് താരം നേടിയത്.

73 പന്തില്‍ പുറത്താകാതെ 62 റണ്‍സ് നേടിയ മാര്‍നസ് ലബുഷാനും കങ്കാരുക്കളുടെ വിജയത്തില്‍ നിര്‍ണായകമായി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കാനും ഓസ്‌ട്രേലിയക്കായി. ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയതിന് ശേഷമായിരുന്നു ഓസ്‌ട്രേലിയ തിരിച്ചടിച്ചത്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട ടെസ്റ്റ് റാങ്കിങ്ങില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരമ്പര നേട്ടവും ഓസ്‌ട്രേലിയയെ തേടിയെത്തിയത്.

Content highlight: Australia wins Sydney test

Latest Stories

We use cookies to give you the best possible experience. Learn more