|

വെസ്റ്റ് ഇന്ഡീസ് പൊരുതിത്തോറ്റു; പരമ്പര സ്വന്തമാക്കി കങ്കാരുപ്പട

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-ട്വന്റി പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. മൂന്നു മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 34 റണ്‍സിനാണ് കങ്കാരുപ്പട വിജയിച്ചത്. ടോസ് നേടിയ വിന്‍ഡീസ് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സിന്റെ പടുകൂറ്റന്‍ സ്‌കോറാണ് വിന്‍ഡീസിന് ഓസ്‌ട്രേലിയ സമ്മാനിച്ചത്.

ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ഓസീസ് കൂറ്റന്‍ സ്‌കോറിലെത്തിയത്. 55 പന്തില്‍ എട്ടു സിക്‌സറുകളും 12 ബൗണ്ടറികളും അടക്കം 120 റണ്‍സാണ് താരം നേടിയെടുത്തത്. 218.18 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. മാക്‌സിക്കൊപ്പം ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 12 പന്തില്‍ രണ്ടു സിക്‌സറുകളും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 29 റണ്‍സ് നേടി. ടിം ഡേവിഡ് 14 പന്തില്‍ രണ്ടു സിക്‌സറുകളും രണ്ട് ബൗണ്ടറികളും ഉള്‍പ്പെടെ 31 റണ്‍സും നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

19 റണ്‍സിന്റെ എക്‌സ്ട്രാസും ലഭിച്ചതോടെ ഓസ്‌ട്രേലിയ വിജയലക്ഷ്യത്തില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് ആണ് വിന്‍ഡീസിന് നേടാന്‍ സാധിച്ചത്. വിന്‍ഡീസിന് വേണ്ടി ക്യാപ്റ്റന്‍ റോവ്മന്‍ പവല്‍ 36 പന്തില്‍ നിന്ന് നാല് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും ഉള്‍പ്പെടെ 36 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ജോണ്‍സണ്‍ ഷര്‍ലെസ് 11 പന്തില്‍ മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയും അടക്കം 24 റണ്‍സാണ് നേടിയത്.

ആന്ദ്രെ റസ്സല്‍ 16 പന്തില്‍ നിന്നും രണ്ടു സിക്‌സറുകളും നാലു ബൗണ്ടറുകളും ഉള്‍പ്പെടെ 37 റണ്‍സും ജയ്‌സണ്‍ ഹോള്‍ഡര്‍ 16 പന്തില്‍ 28 റണ്‍സും നേടി പൊരുതിയിട്ടും 207 റണ്‍സില്‍ തലകുനിക്കുകയായിരുന്നു കരീബിയന്‍ പട.

ഓസ്‌ട്രേലിയന്‍ ബൗളിങ് കരുത്തിന്റെ മികച്ച പ്രതിരോധമാണ് വിന്‍ഡീസിനെ തോല്‍വിയിലേക്ക് നയിച്ചത്. മാര്‍ക്കസ് സ്റ്റോയിനിസിന് മൂന്നു വിക്കറ്റും സ്പന്‍സര്‍ ജോണ്‍സണ്‍, ജോഷ് ഹേസല്‍ വുഡ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ വീതവും നേടാന്‍ സാധിച്ചു.

പരമ്പരയിലെ അവസാന മത്സരം ഫെബ്രുവരി 13ന് ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

Content Highlight: Australia Win Against West Indies