| Friday, 16th February 2018, 5:00 pm

കിവികളുടെ റണ്‍മലയില്‍ കൊടികുത്തി കംഗാരുക്കളുടെ പടയോട്ടം; കിവീസിനെ തകര്‍ത്തു വിട്ട് ഓസീസിന്റെ റെക്കോഡ് വിജയം

സ്പോര്‍ട്സ് ഡെസ്‌ക്

ഓക്‌ലാന്‍ഡ്: റണ്‍മഴ തീര്‍ത്ത ഓസീസ്-കിവീസ് ടി-20 മത്സരത്തില്‍ ആതിഥേയരെ തകര്‍ത്തുവിട്ട് കംഗാരുക്കള്‍. ത്രിരാഷ്ട്ര ടി-20 മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം നാലു പന്ത് ശേഷിക്കെ ഓസീസ് മറികടന്നു.

ടി-20 മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ് കണ്ട് മത്സരത്തില്‍ അഞ്ചുവിക്കറ്റിനാണ് ഓസീസിന്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് 244 റണ്‍സെടുത്തു. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ സെഞ്ച്വറിയും കോളിന്‍ മണ്‍റോ അര്‍ധസെഞ്ച്വറിയും നേടി.

54 പന്തുകള്‍ നേരിട്ട ഗുപ്ടില്‍ ഒന്‍പതു സിക്‌സും ആറു ബൗണ്ടറിയും ഉള്‍പ്പെടെ 105 റണ്‍സെടുത്തു. 33 പന്തുകള്‍ നേരിട്ട മണ്‍റോ ആറു വീതം ബൗണ്ടറിയും സിക്‌സും സഹിതം 76 റണ്‍സുമെടുത്തു.

മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ ആദ്യ ട്വന്റി20 സെഞ്ചുറിയാണിത്. ഇരുവരും പുറത്തായശേഷം കിവീസിന് റണ്‍നിരക്കുയര്‍ത്താനയില്ല. നിശ്ചിത 20 ഓവറില്‍ ന്യൂസീലന്‍ഡ് നേടിയത് ആറു വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ്. ഓസ്‌ട്രേലിയയ്ക്കായി റിച്ചാര്‍ഡ്‌സന്‍, ആന്‍ഡ്രൂ ടൈ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

അതേനാണയത്തില്‍ തിരിച്ചടിച്ചായിരുന്നു ഓസീസിന്റെ മറുപടി. ന്യൂസീലന്‍ഡ് നിര്‍ദാക്ഷിണ്യം കടന്നാക്രമിച്ച ഓസീസ് ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റില്‍ത്തന്നെ അവരുടെ വിജയത്തിന് അടിത്തറയിട്ടു. ഓപ്പണിങ് വിക്കറ്റില്‍ ഡേവിഡ് വാര്‍ണര്‍-ഡാര്‍സി ഷോര്‍ട്ട് സഖ്യം കൂട്ടിച്ചേര്‍ത്തത് 51 പന്തില്‍ 121 റണ്‍സ്.

വാര്‍ണര്‍ 24 പന്തില്‍ നാലു ബൗണ്ടറിയും അഞ്ചു സിക്‌സും സഹിതം 59 റണ്‍സെടുത്തപ്പോള്‍ ഷോര്‍ട്ട് 44 പന്തില്‍ എട്ടു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 76 റണ്‍സെടുത്തു. ഇരുവരും പുറത്തായശേഷം കടന്നാക്രമണം തുടര്‍ന്ന ക്രിസ് ലിന്‍ (13 പന്തില്‍ 18), ഗ്ലെന്‍ മാക്‌സവെല്‍ (14 പന്തില്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 31), ആരോണ്‍ ഫിഞ്ച് (14 പന്തില്‍ മൂന്നു വീതം ബൗണ്ടറിയും സിക്‌സും സഹിതം പുറത്താകാതെ 36), എന്നിവര്‍ ഓസീസിനെ അനായാസം വിജയത്തിലെത്തിച്ചു.

ന്യൂസീലന്‍ഡിനായി ബോള്‍ട്ട്, സൗത്തി, സോധി, ഗ്രാന്‍ഡ്‌ഹോം എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 2015ല്‍ ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യം നാലു പന്തു ബാക്കി നില്‍ക്കെ 236 റണ്‍സെടുത്തു മറികടന്ന വെസ്റ്റ് ഇന്‍ഡീസിന്റെ റെക്കോര്‍ഡാണ് ഓസ്‌ട്രേലിയ പഴങ്കഥയാക്കിയത്.

38.5 ഓവറില്‍ 488 റണ്‍സ് പിറന്ന മല്‍സരത്തില്‍, ഇരു ടീമുകളും ചേര്‍ന്ന് അടിച്ചുകൂട്ടിയത് 32 സിക്‌സുകളാണ്. ഇതും ട്വന്റി20യിലെ നിലവിലുള്ള റെക്കോര്‍ഡിന് ഒപ്പമെത്തിയ പ്രകടനമാണ്.

വിജയത്തോടെ നാലു മല്‍സരങ്ങളില്‍നിന്ന് എട്ടു പോയിന്റുമായി ഓസ്‌ട്രേലിയ ഫൈനല്‍ ഉറപ്പിച്ചു. മൂന്നു മല്‍സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ ന്യൂസീലന്‍ഡ് രണ്ടു പോയിന്റോടെ രണ്ടാമതും മൂന്നു മല്‍സരങ്ങളും തോറ്റ ഇംഗ്ലണ്ട് മൂന്നാമതുമാണ്. ഇതോടെ ഞായറാഴ്ച നടക്കുന്ന ന്യൂസീലന്‍ഡ്-ഇംഗ്ലണ്ട് മല്‍സരം നിര്‍ണായകമായി.

We use cookies to give you the best possible experience. Learn more