ന്യൂസിലാന്‍ഡിനെതിരായ മൂന്നു മത്സരങ്ങള്‍ അടങ്ങുന്ന ടി-ട്വന്റി പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ. ഇന്ന് നടന്ന അവസാന ടി-20 മത്സരത്തില്‍ 27 റണ്‍സിനാണ് ഓസ്‌ട്രേലിയ വിജയിച്ചത്. മഴ കാരണം ഡി.എല്‍.എസ് രീതിയില്‍ ആയിരുന്നു മത്സരഫലം. ഈഡന്‍ പാര്‍ക്കില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ശേഷം മത്സരം 15 ഓവറില്‍ ചുരുക്കിയപ്പോള്‍ 10.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്. മറുപടി ബാറ്റിങ്ങില്‍ 10 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 98 എന്ന നിലയിലാണ് ന്യൂസിലാന്‍ഡ് പരാജയപ്പെട്ടത്.
ഓസ്‌ട്രേലിയക്ക് വേണ്ടി ട്രാവിസ് ഹെഡ് 30 പന്തില്‍ 33 റണ്‍സ് നേടി. മാറ്റ് ഷോട്ട് 11 പന്തില്‍ 27 റണ്‍സും ഗ്ലെന്‍ മാക്സ്‌വെല്‍ 9 പന്തില്‍ 20 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. കിവീസ് ബൗളിങ്ങില്‍ ജോഷ് ക്ലാര്‍ക്ക്‌സണ്‍, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നേ എന്നിവര്‍ക്ക് ഓരോ വിക്കറ്റുകള്‍ നേടാനായി.
മറുപടി ബാറ്റിങ്ങില്‍ കിവീസിന്റെ ഗ്ലെന്‍ ഫിലിപ്‌സ് 24 പന്തില്‍ നിന്ന് 40 റണ്‍സ് ആണ് അടിച്ചെടുത്തത്. മാര്‍ക്ക് ചാമ്പ്മാന്‍ 15ല്‍ 17 റണ്‍സും നേടി. ഇരുവരും പുറത്താകാതെയാണ് സ്‌കോര്‍ നേടിയത്. വില്‍ യങ് 7 പന്തില്‍ നിന്ന് 14 റണ്‍സ് നേടി തുടക്കം കുറിച്ചിരുന്നു. എന്നിട്ടും ഓസ്‌ട്രേലിയക്കെതിരെ ഒരു വിജയം പോലും നേടാന്‍ സാധിക്കാതെ പരമ്പര വിട്ടുകൊടുക്കുകയായിരുന്നു കിവീസ്.
ഓസ്‌ട്രേലിയക്ക് വേണ്ടി സ്‌പെന്‍സര്‍ ജോണ്‍സന്‍, ആദം സാംപ, മാറ്റ് ഷോട്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഓസ്‌ട്രേലിയയുടെ മിച്ചല്‍ മാര്‍ഷാണ് പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡ് സ്വന്തമാക്കിയത്. പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് സ്വന്തമാക്കിയത് മാറ്റ് ഷോട്ടാണ്.
Content Highlight: Australia Win Against New Zealand