മെസി ​ഹീറോയൊക്കെ തന്നെ, പക്ഷെ, അതൊക്കെ ശനിയാഴ്ച കൊണ്ട് അവസാനിക്കും: ഓസ്ട്രേലിയൻ താരം
Football
മെസി ​ഹീറോയൊക്കെ തന്നെ, പക്ഷെ, അതൊക്കെ ശനിയാഴ്ച കൊണ്ട് അവസാനിക്കും: ഓസ്ട്രേലിയൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd December 2022, 9:14 pm

സൗദി അറേബ്യയോട് അട്ടിമറി തോൽവി വഴങ്ങിയ അർജന്റീന നോക്കൗട്ട് റൗണ്ടിലെത്തുമോയെന്ന് പോലും സംശയിച്ചിടത്ത് നിന്നാണ് മികച്ച പ്രകടനം പുറത്തെടുത്തത്. തുടർന്ന് ​നടന്ന നിർണായക മത്സരങ്ങളിൽ മെക്‌സിക്കോ, പോളണ്ട് എന്നീ ടീമുകളെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ കടക്കുകയായിരുന്നു.

ഡിസംബർ മൂന്നിന് നടക്കുന്ന റൗണ്ട് ഓഫ് 16ൽ ഓസ്ട്രേലിയ ആണ് എതിരാളികൾ. അർജന്റീനയെ സംബന്ധിച്ച് ഭയക്കേണ്ട എതിരാളികളല്ല ഓസ്ട്രേലിയൻ ടീം.

എന്നാൽ അവരെ നിസാരമായി എഴുതിത്തള്ളാനും മെസിപ്പടക്കാവില്ല. ലോക ചാമ്പ്യൻമാരായ ഫ്രാൻസുൾപ്പെട്ട ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനക്കാരായാണ് ഓസീസ് നോക്കൗട്ടിലെത്തിയിരിക്കുന്നത്.

മെസിക്കെതിരെ കളിക്കാൻ തക്കം കാത്തിരിക്കുകയാണെന്നാണ് ഓസ്ട്രേലിയൻ താരം ഡിജെനെക് പറഞ്ഞത്. മെസി ഹീറോ ആണെന്നതിൽ സംശയമൊന്നുമില്ലെന്നും എന്നാൽ ചിന്തകളെല്ലാം ശനിയാഴ്ച നടക്കുന്ന മത്സരത്തോടുകൂടി അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡിജെനെക്.

“നിങ്ങൾക്കറിയാമോ, ‍മെസി എനിക്കേറ്റവും ഇഷ്ടപ്പെട്ട താരമാണ്. എനിക്ക് തോന്നുന്നു ഇതുവരെ നടന്ന ​ഗെയ്മിൽ ഏറ്റവും നന്നായി കളിച്ചത് അദ്ദേഹമാണെന്ന്. എന്നുകരുതി മെസിക്കെതിരെ കളിക്കുന്നത് ഒരു ബഹുമതിയാണെന്ന് ഞാൻ പറയില്ല. കാരണം ഞങ്ങളെയെല്ലാവരെയും പോലെ അദ്ദേഹവും ഒരു സാധാരണ മനുഷ്യനാണ്. എന്നെ സംബന്ധിച്ച് റൗണ്ട് ഓഫ് 16ൽ കടന്നതാണ് ബഹുമതി.

എല്ലാ ആക്രമണങ്ങളും നമ്മുടെ കഴിവുകൾ കൊണ്ട് തടയാനാകുമെന്ന ആത്മവിശ്വാസം നമുക്കുണ്ടായിരിക്കണം. ഇവിടെയത് സാധ്യമാകുമോ ഇല്ലയോ എന്നൊന്നും എനിക്കുറപ്പില്ല, പക്ഷേ അതിന് വേണ്ടി ഞങ്ങൾ 110% നൽകുമെന്ന് എനിക്കറിയാം.

മെസി വിശ്വകിരീടം നേടാൻ അതിയായി ആ​ഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. നിർഭാ​ഗ്യവശാൽ ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനുമാണ്. എന്നാലും അതിനെക്കാളൊക്കെ വലുതാണ് എനിക്കീ വേൾഡ് കപ്പ്. ഓസ്ട്രേലിയക്കായി എനിക്കിത് നേടണം,“ ഡിജെനെക് വ്യക്തമാക്കി.

അതേസമയം പ്രീ ക്വാർട്ടറിൽ അർജന്റീനയെ പരാജയപ്പെടുത്തുമെന്ന് ഓസ്ട്രേലിയൻ കോച്ച് ഗ്രഹാം അർണോൾഡ് പറഞ്ഞു. കഴിഞ്ഞവർഷം ഒളിമ്പിക്സിൽ അർജന്റീനയെ തോൽപ്പിച്ചത് ഓര്മ്മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്.

ശനിയാഴ്ച ഖത്തറിലെ അർ-റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് അർജന്റീന-ഓസ്ട്രേലിയ മത്സരം നടക്കുക.

Content Highlights: Australia will put their bodies on the line to stop Lionel Messi, says Degenek