| Monday, 17th October 2022, 9:51 pm

ജറുസലേമിനെ ഇസ്രഈലിന്റെ തലസ്ഥാനമായി ഓസ്ട്രേലിയ ഇനി അംഗീകരിക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെല്‍ബണ്‍: പശ്ചിമ ജറുസലേമിനെ ഇസ്രഈലിന്റെ തലസ്ഥാനമായി ഓസ്ട്രേലിയ ഇനി അംഗീകരിക്കില്ലെന്ന് റിപ്പോര്‍ട്ട്. മുന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ സര്‍ക്കാര്‍ സ്വീകരിച്ച നയമാണ് ഓസ്ട്രേലിയ തിരുത്തുന്നത്. ദി ഗാര്‍ഡിയനാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

അന്താരാഷ്ട്ര നിയമങ്ങളെ ധിക്കരിച്ച് 2018ലാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറുസലേമിനെ ഇസ്രാഈല്‍ തലസ്ഥാമായി പ്രഖ്യാപിക്കുന്നത്. ഇത് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് സ്‌കോട്ട് മോറിസന്‍ സര്‍ക്കാര്‍ ഈ നയത്തെ പിന്തുണച്ചത്.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓസ്ട്രേലിയയുടെ വിദേശകാര്യ, വ്യാപാര വകുപ്പ് പശ്ചിമ ജറുസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ചതിന്റെ പരാമര്‍ശങ്ങള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തതായാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിലവിലെ സര്‍ക്കാറിന്റെ ഭാഗമായ ലേബര്‍ പാര്‍ട്ടി ജറുസലേമിനെ ഇസ്രഈല്‍ തലസ്ഥാനമായി ഏകപക്ഷീയമായി അംഗീകരിക്കുന്നതിനെ 2018ല്‍ ശക്തമായി എതിര്‍ത്തിരുന്നു.

അതേസമയം, ഏഴ് പതിറ്റാണ്ടായി തുടരുന്ന വിദേശനയം മാറ്റിമറിച്ചായിരുന്നു നേരത്തെ ജറുസലേമിനെ ഇസ്രഈല്‍ തലസ്ഥാനമായി അമേരിക്ക തീരുമാനിച്ചിരുന്നത്.

ഇസ്രഈല്‍-ഫലസ്തീന്‍ തര്‍ക്കത്തില്‍ പരിഹാരം കാണാനെന്ന് അവകാശപ്പെട്ടുള്ള പശ്ചിമേഷ്യന്‍ സമാധാനപദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കയുടെ സഖ്യ രാഷ്ട്രങ്ങള്‍ അടക്കമുള്ള വിവിധ രാഷ്ട്രങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കാതെയായിരുന്നു പ്രഖ്യാപനം. ഇസ്രഈല്‍ -ഫലസ്തീന്‍ പ്രശ്‌നത്തിന് പുതിയ ദിശാബോധം നല്‍കുന്നതാണ് തന്റെ പ്രഖ്യാപനമെന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ വാദം.

യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സിസ് മാര്‍പാപ്പയും യു.എസ് നീക്കത്തെ അപലപിച്ചിരുന്നു. അന്താരാഷ്ട്ര നിയമം അംഗീകരിക്കാതെ 1967ലാണ് ഇസ്രാഈല്‍ ജറുസലേം നഗരത്തിന്റെ കിഴക്കന്‍ ഭാഗം പിടിച്ചടക്കുന്നത്.

 

CONTENT HIGHLIGHT: Australia will no longer recognize Jerusalem as the capital of Israel

We use cookies to give you the best possible experience. Learn more