മെല്‍ബണ്‍: പശ്ചിമ ജറുസലേമിനെ ഇസ്രഈലിന്റെ തലസ്ഥാനമായി ഓസ്ട്രേലിയ ഇനി അംഗീകരിക്കില്ലെന്ന് റിപ്പോര്‍ട്ട്. മുന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ സര്‍ക്കാര്‍ സ്വീകരിച്ച നയമാണ് ഓസ്ട്രേലിയ തിരുത്തുന്നത്. ദി ഗാര്‍ഡിയനാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
അന്താരാഷ്ട്ര നിയമങ്ങളെ ധിക്കരിച്ച് 2018ലാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറുസലേമിനെ ഇസ്രാഈല്‍ തലസ്ഥാമായി പ്രഖ്യാപിക്കുന്നത്. ഇത് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് സ്‌കോട്ട് മോറിസന്‍ സര്‍ക്കാര്‍ ഈ നയത്തെ പിന്തുണച്ചത്.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓസ്ട്രേലിയയുടെ വിദേശകാര്യ, വ്യാപാര വകുപ്പ് പശ്ചിമ ജറുസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ചതിന്റെ പരാമര്‍ശങ്ങള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തതായാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിലവിലെ സര്‍ക്കാറിന്റെ ഭാഗമായ ലേബര്‍ പാര്‍ട്ടി ജറുസലേമിനെ ഇസ്രഈല്‍ തലസ്ഥാനമായി ഏകപക്ഷീയമായി അംഗീകരിക്കുന്നതിനെ 2018ല്‍ ശക്തമായി എതിര്‍ത്തിരുന്നു.