| Tuesday, 13th February 2024, 3:40 pm

കരീബിയന്‍ കൊടുങ്കാറ്റ്, തടുക്കാനാകാതെ കങ്കാരുക്കള്‍; 79/5ല്‍ നിന്നും 218/6ലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയും ആദ്യ ഇന്നിങ്‌സില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് സ്വന്തമാക്കുകയും ചെയ്തു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കം പാളിയിരുന്നു. ജോണ്‍സണ്‍ ചാള്‍സ് നാല് റണ്‍സിനും നിക്കോളാസ് പൂരന്‍ ഒരു റണ്‍സിനും പുറത്തായി. ഏഴ് പന്തില്‍ 11 റണ്‍സ് മാത്രമെടുത്ത് കൈല്‍ മയേഴ്‌സും വീണതോടെ വിന്‍ഡീസ് പരുങ്ങി. 17 റണ്‍സിന് മൂന്ന് എന്ന നിലയിലേക്കാണ് വെസ്റ്റ് ഇന്‍ഡീസ് കൂപ്പുകുത്തിയത്.

റോസ്റ്റണ്‍ ചെയ്‌സും ക്യാപ്റ്റന്‍ റോവ്മന്‍ പവലും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പിന് അധികം ആയുസുണ്ടായിരുന്നില്ല. ചെയ്‌സ് 20 പന്തില്‍ 37 റണ്‍സ് നേടി പുറത്തായപ്പോള്‍ 14 പന്തില്‍ 21 റണ്‍സായിരുന്നു പവലിന്റെ സമ്പാദ്യം.

79 റണ്‍സിന് അഞ്ചാം വിക്കറ്റും നഷ്ടപ്പെട്ട് പതറി നില്‍ക്കവെയാണ് ഏഴാം നമ്പറില്‍ സൂപ്പര്‍ താരം ആന്ദ്രേ റസല്‍ ക്രീസിലെത്തുന്നത്. ആറാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ റൂഥര്‍ഫോര്‍ഡിനെ ഒപ്പം കൂട്ടി വിന്റേജ് വിന്‍ഡീസിന്റെ ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റിങ്ങാണ് റസല്‍ പുറത്തെടുത്തത്.

തലങ്ങും വിലങ്ങും സിക്‌സറും ബൗണ്ടറികളും പാഞ്ഞപ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ ബോര്‍ഡും അതിവേഗം ചലിച്ചു.

29 പന്തില്‍ 244.83 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 71 റണ്‍സാണ് റസല്‍ അടിച്ചുകൂട്ടിയത്. ഏഴ് സിക്‌സറും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു റസലിന്റെ വെടിക്കെട്ട്.

സ്‌പെന്‍സര്‍ ജോണ്‍സണ്‍ എറിഞ്ഞ 20ാം ഓവറിലെ നാലാം പന്തില്‍ മറ്റൊരു പടുകൂറ്റന്‍ ഷോട്ടിന് ശ്രമിച്ച റസലിന് പിഴച്ചു. ഒപ്റ്റസില്‍ വീശിയടിച്ച കൊടുങ്കാറ്റ് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കൈകളില്‍ അവസാനിച്ചു.

റസലിനൊപ്പം കട്ടക്ക് കൂടെ നിന്ന റൂഥര്‍ഫോര്‍ഡും മോശമാക്കിയില്ല. 40 പന്ത് നേരിട്ട് പുറത്താകാതെ 67 റണ്‍സാണ് താരം നേടിയത്. അഞ്ച് സിക്‌സറും അഞ്ച് ഫോറുമാണ് റൂഥര്‍ഫോര്‍ഡിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 220 റണ്‍സ് എന്ന നിലയില്‍ വിന്‍ഡീസ് പോരാട്ടം അവസാനിപ്പിച്ചു.

ഓസീസിനായി സേവ്യര്‍ ബാര്‍ട്‌ലെറ്റ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, ആരോണ്‍ ഹാര്‍ഡി, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് സീരീസ് അടിയറ വെച്ച വിന്‍ഡീസിന് മുഖം രക്ഷിക്കാനെങ്കിലും അവസാന മത്സരത്തില്‍ വിജയം അനിവാര്യമാണ്.

Content highlight: Australia vs West Indies 3rd T20, Brilliant Batting from Andre Russell and Sherfane Rutherford

We use cookies to give you the best possible experience. Learn more