| Monday, 18th December 2023, 10:10 am

ബോക്‌സിങ് ഡേയില്‍ പൊടിപാറും; വാര്‍ണറുമുണ്ട്, ടീം പ്രഖ്യാപിച്ച് കങ്കാരുക്കള്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനിതിരായ ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. സൂപ്പര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിനെ നിലനിര്‍ത്തിയാണ് ഓസ്‌ട്രേലിയ ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

ഡേവിഡ് വാര്‍ണറിന്റെ അവസാന ടെസ്റ്റ് പരമ്പര എന്ന രീതിയിലാണ് ഓസ്‌ട്രേലിയ – പാകിസ്ഥാന്‍ മത്സരം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ വാര്‍ണര്‍ റെഡ് ബോള്‍ ഫോര്‍മാറ്റിലെ തന്റെ അവസാന നിമിഷങ്ങള്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു.

ഡേവിഡ് വാര്‍ണറിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും കരുത്തില്‍ ആദ്യ മത്സരം വിജയിച്ച ഓസ്‌ട്രേലിയ രണ്ടാം മത്സരത്തിനുള്ള ടീം പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രിസ്തുമസിന് ശേഷം നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഡേവിഡ് വാര്‍ണറിനെ നിലനിര്‍ത്തിയാണ് 13 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

യുവ പേസര്‍ ലാന്‍സ് മോറിസിന് കളിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഓസീസ് 13 അംഗ സ്‌ക്വാഡിലേക്ക് ചുരുങ്ങിയത്. ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സിനായി കളിക്കാന്‍ ഇറങ്ങിയതോടെയാണ് മോറിസിന് മത്സരം നഷ്ടമാകുന്നത്.

ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ്

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂണ്‍ ഗ്രാന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്, ഡേവിഡ് വാര്‍ണര്‍.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ 360 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ആദ്യ ഇന്നിങ്സില്‍ 487 റണ്‍സ് നേടി. ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ സെഞ്ച്വറിയും മിച്ചല്‍ മാര്‍ഷിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഓസ്ട്രേലിയക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ലീഡ് നേടാനുറച്ച് കളത്തിലിറങ്ങിയ പാകിസ്ഥാന് ആദ്യ ഇന്നിങ്സില്‍ പ്രതീക്ഷിച്ച പ്രകടനം പുറകത്തെടുക്കാന്‍ സാധിച്ചില്ല. 271 റണ്‍സിന് സന്ദര്‍ശകര്‍ പുറത്താവുകയായിരുന്നു. 62 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖായിരുന്നു ടോപ് സ്‌കോറര്‍.

216 റണ്‍സിന്റെ ലീഡുമായി കളത്തിലിറങ്ങിയ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.

450 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ പാക് പടയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. ഏഴ് താരങ്ങള്‍ ഒറ്റയക്കത്തിന് മടങ്ങിയപ്പോള്‍ പാക് ഇന്നിങ്സ് 89ല്‍ അവസാനിച്ചു.

ജോഷ് ഹെയ്സല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നഥാന്‍ ലിയോണ്‍ രണ്ടും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും വീഴ്ത്തി.

ഡിസംബര്‍ 26 മുതല്‍ 30 വരെയാണ് ബോക്‌സിങ് ഡേ ടെസ്റ്റ്. മെല്‍ബണാണ് വേദി.

Content highlight: Australia unveiled team for Boxing day test

We use cookies to give you the best possible experience. Learn more