മെല്‍ബണ്‍: ന്യൂസ് കോഡുമായി മുന്നോട്ടുപോകുമെന്ന നിലപാടിലുറച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഗൂഗിളിലൂടെയും ഫേസ്ബുക്കിലൂടെയും ഉപയോക്താക്കളിലേക്ക് എത്തുന്ന വാര്‍ത്തകള്‍ക്ക് ഇരു കമ്പനികളും മാധ്യമ സ്ഥാപനത്തിന് പണം നല്‍കണമെന്ന ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തീരുമാനം നടപ്പില്‍ വരുത്തുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.
ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ ന്യൂസ് കോഡിനെ എതിര്‍ക്കാന്‍ ഫേസ്ബുക്ക് യൂസേഴ്സിന്റെ വാളില്‍ നിന്നും ന്യൂസ് കണ്ടന്റുകള്‍ ഒഴിവാക്കിയതിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. ഓസ്‌ട്രേലിയയെ ‘അണ്‍ഫ്രണ്ട്’ ചെയ്ത ഫേസ്ബുക്കിന്റെ നടപടിയെ സ്‌കോട്ട് മോറിസണ്‍ അപലിച്ചു. ബ്രിട്ടണ്‍, കാനഡ, ഫ്രാന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ഓസ്‌ട്രേലിയയെ പിന്തുണച്ചെന്നും മോറിസണ്‍ ചൂണ്ടിക്കാട്ടി.
‘ഓസ്‌ട്രേലിയ ചെയ്യുന്ന കാര്യങ്ങളില്‍ ലോകത്തിന് മുഴുവന്‍ വലിയ താല്‍പര്യമുണ്ട്. ഓസ്‌ട്രേലിയ ഇവിടെ ചെയ്യാന്‍ പോകുന്ന കാര്യം വൈകാതെ പാശ്ചാത്യരാജ്യങ്ങളും നടപ്പില്‍ വരുത്തും. അതുകൊണ്ട് ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ഫേസ്ബുക്കിനെ ക്ഷണിക്കുകയാണ്,’ മോറിസണ്‍ പറഞ്ഞു.
ഓസ്ട്രേലയിന്‍ മാധ്യമങ്ങള്‍ക്ക് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നതിനും ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തീരുമാനം നടപ്പിലാക്കി മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് ഫേസ്ബുക്കിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നത്.
അമേരിക്കയിലെയും, ബ്രിട്ടനിലെയും രാഷ്ട്രീയ പാര്‍ട്ടികളും പൗരസമൂഹവും ഫേസ്ബുക്കിന്റെ തീരുമാനത്തെ ശക്തമായി അപലപിച്ച് മുന്നോട്ട് വന്നു. ജനാധിപത്യത്തെ ഭീഷണിപ്പെടുത്തി, ഒരു രാജ്യത്തെ ഭയപ്പെടുത്തി മുട്ടിലിരുത്തുകയാണ് ഫേസ്ബുക്കെന്ന് ഡെമോക്രാറ്റുകള്‍ പറഞ്ഞു. ഫേസ്ബുക്കിന്റേത് ഗുണ്ടാ പ്രവര്‍ത്തനമാണെന്ന് യു.കെ പാര്‍ലമെന്റിലെ ഡിജിറ്റല്‍ കമ്മിറ്റി ചെയര്‍മാന്‍ ജൂലിയന്‍ നെറ്റ് അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് ഏകാധിപത്യം നടപ്പിലാക്കുകയാണെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന വിമര്‍ശനം.
അതേസമയം ഓസ്‌ട്രേലയിന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന ന്യൂസ് കോഡ് അടിസ്ഥാനപരമായി തങ്ങളും ന്യൂസ് പബ്ലിഷര്‍മാരും തമ്മിലുള്ള ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ഓസ്‌ട്രേലിയയിലെ ഫേസ്ബുക്ക് പ്രതിനിധികള്‍ പറഞ്ഞു. ഭാവിയിലെങ്കിലും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തങ്ങളുടെ സേവനത്തിന്റെ വില മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫേസ്ബുക്ക് പറഞ്ഞു.
പുതിയ നിയമവുമായി പാര്‍ലമെന്റ് മുന്നോട്ട് പോകുകയാണെങ്കില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ഗൂഗിള്‍ സെര്‍ച്ച് സേവനം മുഴുവനായും ഒഴിവാക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് വാളിലൂടെ വാര്‍ത്തകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാനുള്ള സൗകര്യം പൂര്‍ണമായും ഓസ്‌ട്രേലിയയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഫേസ്ബുക്കും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തുടര്‍നടപടികളുമായി ഫേസ്ബുക്ക് മുന്നോട്ട് പോകുന്നത്.
ഏകദേശം 17 മില്ല്യണ്‍ ഓസ്‌ട്രേലിയക്കാര്‍ ഫേസ് ബുക്ക് ഉപയോഗിക്കുന്നുണ്ട്. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ നേരത്തെ കമ്പനികള്‍ ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ കമ്പനികളുടെ വാദത്തില്‍ കഴമ്പില്ലെന്ന നയമാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ സ്വീകരിച്ചത്.
ഗൂഗിളോ, ഫേസ്ബുക്കോ ഇല്ലെങ്കില്‍ വാര്‍ത്ത വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വാര്‍ത്താ മാധ്യമങ്ങളുടെ വെബ്സൈറ്റുകളിലേക്കു പോകുമെന്നാണ് തങ്ങള്‍ അനുമാനിക്കുന്നത്. അതേസമയം, ഇതേ വാര്‍ത്തകള്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ കാണിച്ച് പണമുണ്ടാക്കുന്ന ഗൂഗിളും ഫേസ്ബുക്കും മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന് ഓസ്ട്രേലിയ ആവശ്യപ്പെടുന്നതില്‍ തെറ്റ് എന്താണെന്നും കോമ്പറ്റീഷന്‍ കമ്മീഷന്‍ ചോദിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Australia to push ahead with news law amid Facebook blackout fury