| Thursday, 21st November 2024, 6:05 pm

സമൂഹമാധ്യമങ്ങളില്‍ നിന്ന് 16 വയസില്‍ താഴെയുള്ളവരെ വിലക്കാന്‍ ഓസ്‌ട്രേലിയ; നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് 32 മില്യണ്‍ പിഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെല്‍ബണ്‍: 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ സമൂഹമാധ്യമങ്ങളില്‍ നിന്ന് വിലക്കുന്ന ലാന്‍ഡ്മാര്‍ക്ക് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ബില്‍ പ്രകാരം വിലക്ക് ലംഘിച്ച് 16 വയസില്‍ താഴെയുള്ള കുട്ടികളെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ടെക് കമ്പനികള്‍ക്ക് 32.5 മില്യണ്‍ പിഴ ചുമത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്തം കുട്ടികളേക്കാളും മാതാപിതാക്കളേക്കാളും കൂടുതല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കാണെന്നാണ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി മിഷേല്‍ ഗ്രൗണ്ട് ബില്‍ അവതരിപ്പിക്കവെ പറഞ്ഞത്.

‘വളരെയധികം ഓസ്ട്രേലിയന്‍ യുവാക്കള്‍ക്ക്, സോഷ്യല്‍ മീഡിയ ഹാനികരമാണ്. 14 മുതല്‍ 17 വയസ് വരെ പ്രായമുള്ള ഓസ്ട്രേലിയക്കാരില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗം പേരും മയക്കുമരുന്ന് ദുരുപയോഗം, ആത്മഹത്യ, സെല്‍ഫ് ഹാം തുടങ്ങിയ ദോഷകരമായ ഉള്ളടക്കങ്ങളാണ് ഓണ്‍ലൈനില്‍ കണ്ടത്,’ മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.

അതേസമയം കുട്ടികളിലെ സമൂഹമാധ്യമ ഉപയോഗം ഒരാഗോള പ്രശ്‌നമായാണ് തങ്ങള്‍ കാണുന്നത്. ഓസട്രേലിയയിലെ യുവാക്കള്‍ക്ക് ബാല്യവും മാതാപിതാക്കള്‍ക്ക് സമാധാനവും വേണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നുതെന്നാണ് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ഈ വിഷയത്തില്‍ പ്രതികരിച്ചത്.

എന്നാല്‍ ഏത് വിധേനയാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതെന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബയോമെട്രിക്‌സ് അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഗവണ്‍മെന്റ് ഐഡന്റിഫിക്കേഷന്‍ ഉള്‍പ്പെടുന്ന സംവിധാനങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ ഉപയോഗം നടപ്പിലാക്കാനും ഓസ്‌ട്രേലിയ പദ്ധതിയിടുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ഏതെങ്കിലും ഒരു രാജ്യം ഏര്‍പ്പെടുത്തിയിട്ടുള്ളതില്‍വെച്ച് ഏറ്റവും കഠിനമായ നിയന്ത്രണങ്ങളാകും ഓസ്‌ട്രേലിയില്‍ നിലവില്‍ വരുന്നത്.

അതേസമയം പുതിയ നിയന്ത്രണങ്ങള്‍ യുവാക്കളെ മറ്റ് ദോഷകരമായ ഓാണ്‍ലൈന്‍ സൈറ്റുകളിലേക്ക് തള്ളിവിടുമോ എന്ന ആശങ്കയും രാജ്യത്തുണ്ട്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കുട്ടികളെ നിയന്ത്രിക്കുന്ന ആദ്യ രാജ്യമല്ല ഓസ്‌ട്രേലിയ. ഇതിന് മുമ്പ് സ്‌പെയിന്‍ രക്ഷാകര്‍ത്താക്കളുടെ അനുമതിയോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 14 ല്‍ നിന്ന് 16 ആക്കി ഉയര്‍ത്തിയിരുന്നു.

15 വയസ്സിന് താഴെയുള്ളവര്‍ക്ക് ഫ്രാന്‍സും കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയ നിരോധിച്ചിരുന്നു. എന്നാല്‍ രക്ഷിതാക്കളുടെ സമ്മതത്തോടെ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.

Content Highlight: Australia to ban under-16s from social media; 32 million fine for companies violating the law

We use cookies to give you the best possible experience. Learn more