ആന്റിഗ്വ: ട്വന്റി-20 വനിത ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ. കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഓസ്‌ട്രേലിയ കിരീടം ചൂടിയത്. ഇത് നാലാം തവണയാണ് ഓസീസ് വനിതകള്‍ ലോക ജേതാക്കളാകുന്നത്. 106 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയ 15.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.
ആഷ്ലി ഗാര്‍നെറിന്റെയും മെഗ് ലാനിംഗിന്റെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് കംഗാരുപ്പടയ്ക്ക് വിജയം സമ്മാനിച്ചത്. ആഷ്ലി ഗാര്‍നെര്‍ 33 റണ്‍സുമായും മെഗ് ലാനിംഗ് 28 റണ്‍സുമായും പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 19.4 ഓവറില്‍ 105 റണ്‍സിന് എല്ലാവരും പുറത്തായി. 43 റണ്‍സെടുത്ത ദാനിയല്‍ വ്യാട്ടും 25 റണ്‍സെടുത്ത ഹെതര്‍ നൈറ്റും മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ അല്പമെങ്കിലും പിടിച്ചു നിന്നത്.
രണ്ടക്കം കടന്നതതും ഇവര്‍ രണ്ടു പേരും മാത്രം. പുറത്താകാതെ നിന്ന ക്രിസ്റ്റി ഗോര്‍ഡന്‍ ഉള്‍പ്പടെ ഏഴു പേരാണ് അഞ്ചോ അതില്‍ താഴെയോ മാത്രം രണ്‍സ് നേടിയത്. ഓസ്‌ട്രേലിയയ്ക്കായി ആഷ്ലി ഗാര്‍ഡനര്‍ മൂന്ന് വിക്കറ്റ് നേടി ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞപ്പോള്‍ രണ്ട് വിക്കറ്റ് നേട്ടവുമായി ജോര്‍ജിയ വെയര്‍ഹാമും മെഗാന്‍ സ്ചൂട്ടും ഉറച്ച പിന്തുണ നല്‍കി.