അഡ്‌ലെയ്ഡ്: ക്രിക്കറ്റ് ഗ്രൗണ്ടില്‍ മറ്റൊരപകടം കൂടി. ഓസ്‌ട്രേലിയന്‍ പ്രാദേശിക ടൂര്‍ണമെന്റിലാണു ദേശീയ ക്രിക്കറ്റ് താരമായ ആഷ്ടണ്‍ ആഗറിന്റെ മൂക്കിനു മുകളില്‍ പന്തുകൊണ്ട് ഗുരുതരമായി പരിക്കേറ്റത്. സ്വന്തം സഹോദരന്‍ അടിച്ച പന്തു കൊണ്ടാണ് ആഷ്ടറിനു പരിക്കേറ്റത്.
മാര്‍ഷ് വണ്‍ ഡേ കപ്പില്‍ അഡ്‌ലെയ്ഡില്‍ നടന്ന വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ-സൗത്ത് ഓസ്‌ട്രേലിയ മത്സരത്തിലാണു സംഭവം. സൗത്ത് ഓസ്‌ട്രേലിയന്‍ താരമായ വെസ് ആഗര്‍ ബാറ്റ് ചെയ്യവെയാണ്, 41-ാം ഓവറില്‍ അദ്ദേഹം മിഡ് ഓണിലേക്കു നീട്ടിയടിച്ച പന്തു കൊണ്ട് ഫീല്‍ഡ് ചെയ്യുകയായിരുന്ന സഹോദരനും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ താരവുമായ ആഷ്ടണിന്റെ മുഖത്തു പരിക്കേല്‍ക്കുന്നത്.
ഇതുവഴി ആഷ്ടണ്‍ ക്യാച്ച് കൈവിടുക കൂടിയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആഷ്ടണിന്റെ മുഖത്തു നിന്നു ചോരയൊലിക്കുന്നതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്നു കാണാം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആഷ്ടണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും കുഴപ്പമില്ലെന്നും വെസ് തന്നെയാണു പിന്നീട് മാധ്യമങ്ങളെ അറിയിച്ചത്. ആഷ്ടണിന്റെ ഇളയ സഹോദരനാണ് വെസ്. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ആഷ്ടണിനെ ബൗള്‍ഡ് ചെയ്താണ് വെസ് തന്റെ അഞ്ചാം വിക്കറ്റ് നേടിയത്.
മത്സരത്തില്‍ ആഷ്ടണിന്റെ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ആറ് റണ്‍സിനു ജയിക്കുകയും ഫൈനലില്‍ പ്രവേശിക്കുകയുമായിരുന്നു. കല്ലം ഫെര്‍ഗൂസന്റെ സെഞ്ചുറി മികവിലായിരുന്നു ജയം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരമായ ഫില്‍ ഹ്യൂസ് 2014-ല്‍ ഒരു പ്രാദേശിക ടൂര്‍ണമെന്റിലാണു കഴുത്തില്‍ പന്തുകൊണ്ട് മരിച്ചത്. ഷെഫീല്‍ഡ് ഷീല്‍ഡ് ട്രോഫിയില്‍ ദക്ഷിണ ഓസ്‌ട്രേലിയയും സൗത്ത് ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം.