ദോഹ: ദോഹ എയര്‍പോര്‍ട്ട് ടോയ്‌ലറ്റില്‍ നവജാതശിശുവിനെ കണ്ടു കിട്ടിയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സ്ത്രീകളെ നഗ്നരാക്കി ദേഹ പരിശോധന നടത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്ത്രീകള്‍ക്ക് സമാനമായി മോശപ്പെട്ട അനുഭവം ഉണ്ടായെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ദോഹയില്‍ നിന്നു പുറപ്പെടാനിരുന്ന പത്ത് വിമാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് ദുരനുഭവം ഉണ്ടായെന്നാണ് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പറയുന്നത്. ഓസ്‌ട്രേലിയന്‍ സെനറ്റില്‍ നടന്ന ഹിയറിംഗില്‍ സംസാരിക്കുകയായിരുന്നു ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍.
ഞായറാഴ്ചയാണ് ഓസ്‌ട്രേലിയന്‍ സ്ത്രീകള്‍ക്ക് നേരെ ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഉണ്ടായ അതിക്രമത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. ഒക്ടോബര്‍ രണ്ടിനായിരുന്നു സംഭവം നടന്നത്. എയര്‍പോര്‍ട്ടിലെ ടോയ്‌ലറ്റില്‍ ഒരു നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെടാനിരുന്ന വിമാനങ്ങളിലെ സ്ത്രീകളെ ദേഹപരിശോദനയ്ക്ക് വിധേയമാക്കുകയായിരുന്നു.
വിമാനത്തില്‍ നിന്നും 13 ഓസ്‌ട്രേലിയന്‍ വനിതകളെ പിടിച്ചിറക്കുകയും ആംബുലന്‍സില്‍ വെച്ച് നിര്‍ബന്ധിത ദേഹപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
ഈ ആരോപണത്തെ ദോഹ എയര്‍പോര്‍ട്ട് അധികൃതര്‍ നിഷേധിച്ചിട്ടുമില്ല. നവജാത ശിശുവിനെ ഉപേക്ഷിച്ച അമ്മയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തിരച്ചില്‍ നടത്തിയതെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ എത്രപേരെ പരിശോധന നടത്തിയെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ല. കുഞ്ഞിന്റെ അമ്മയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സ്ത്രീകളെ പരിശോധിക്കുന്നതിന്റെ ഭാഗമായി നാലു മണിക്കൂറോളമാണ് വിമാനം പിടിച്ചിട്ടത്. സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രായലം ഖത്തറിനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഖത്തറില്‍ അന്വേഷണം നടക്കുന്നുണ്ട്.
Content Highlight: Australia says women on 10 flights subjected to Qatar body search