ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ടെസ്റ്റ് ഫോര്‍മാറ്റിലെ സിംഹാസനത്തിലിരിക്കാന്‍ പോകുന്നത് ഇന്ത്യയോ ഓസ്‌ട്രേലിയയോ എന്നറിയാനാണ് ആരാധകരൊന്നാകെ ഉറ്റുനോക്കുന്നത്.
ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്.
എന്നാല്‍ ഓസ്‌ട്രേലിയയെ സംബന്ധിച്ച് ഓവല്‍ നിര്‍ഭാഗ്യം മാത്രം സമ്മാനിച്ച ഗ്രൗണ്ടാണ്. 140 വര്‍ഷമായുള്ള തങ്ങളുടെ ടെസ്റ്റ് ചരിത്രത്തില്‍ മോശം റെക്കോഡുകളാണ് കങ്കാരുക്കള്‍ക്ക് ഓവലിലുള്ളത്. ഇംഗ്ലണ്ടിലെ മറ്റ് ഗ്രൗണ്ടുകളെ അപേക്ഷിച്ച് ഏറ്റവും വിജയശതമാനം കുറവും ഓവലില്‍ തന്നെയാണ്.
1880ലാണ് ഓസ്‌ട്രേലിയ പ്രശസ്തമായ ഓവലില്‍ ആദ്യ ടെസ്റ്റിനിറങ്ങിയത്. അന്നുതൊട്ടിന്നുവരെ 38 മത്സരം കളിച്ച ഓസീസിന് വെറും ഏഴ് കളിയില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. 18.42 മാത്രമാണ് ഓവലില്‍ ഓസീസിന്റെ വിജയശതമാനം.
കഴിഞ്ഞ 50 വര്‍ഷത്തിനിടെ രണ്ട് തവണ മാത്രമാണ് ഓസീസിന് ഓവലില്‍ വിജയിക്കാന്‍ സാധിച്ചത്.
ലോര്‍ഡ്‌സ് – 43.59, ഹെഡിങ്‌ലി – 34.62, ട്രെന്റ് ബ്രിഡ്ജ് – 30.43, ഓള്‍ഡ് ട്രാഫോര്‍ഡ് – 29.03, എഡ്ജ്ബാസ്റ്റണ്‍ – 26.67 എന്നിങ്ങനെയാണ് ഇംഗ്ലണ്ടിലെ മറ്റ് ഗ്രൗണ്ടുകളില്‍ ഓസീസിന്റെ വിജയശതമാനം.
അതേസമയം, ഇന്ത്യക്കും ഓവലില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. രണ്ട് വിജയവും ഏഴ് സമനിലയും അഞ്ച് തോല്‍വിയുമാണ് ഓവലില്‍ ഇന്ത്യയുടെ സമ്പാദ്യം. എന്നാല്‍ 2021ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 157 റണ്‍സിന്റെ വിജയം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
ഒന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ (2021-23) പൂര്‍ത്തിയാക്കിയത്. ഇന്ത്യക്കെതിരെ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലേറ്റ പരാജയമാണ് ഓസീസിന്റെ ക്യാമ്പെയ്‌നില്‍ ബ്ലാക് മാര്‍ക്കായുള്ളത്.
ഓസ്‌ട്രേലിയ സ്‌ക്വാഡ്
ഡേവിഡ് വാര്‍ണര്‍, മാര്‍കസ് ഹാരിസ്, മാര്‍നസ് ലബുഷാന്‍, മാറ്റ് റെന്‍ഷോ, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട് ബോളണ്ട്, ടോഡ് മര്‍ഫി.
ഇന്ത്യ സ്‌ക്വാഡ്
അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്‌ലി, യശസ്വി ജെയ്‌സ്വാള്‍, അക്‌സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), ജയ്‌ദേവ് ഉനദ്കട്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ഷര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്.
Content Highlight: Australia’s worst record in The Oval