| Wednesday, 4th September 2024, 9:49 pm

ടി-20 എന്ന് പറഞ്ഞിട്ട് ഇത് പത്ത് ഓവറിന് മുമ്പേ തീര്‍ന്നല്ലോ! വെടിക്കെട്ടില്‍ സ്‌കോട്‌ലാന്‍ഡ് ചാരം

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്ട്രലിയയുടെ സ്‌കോട്‌ലാന്‍ഡ് പര്യടനത്തിലെ ആദ്യ ടി-20യില്‍ സന്ദര്‍ശകര്‍ക്ക് തകര്‍പ്പന്‍ ജയം. സ്‌കോട്‌ലാന്‍ഡ് ഉയര്‍ത്തിയ 155 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 9.4 ഓവറില്‍ കങ്കാരുക്കള്‍ മറികടക്കുകയായിരുന്നു.

ട്രാവിസ് ഹെഡിന്റെ അര്‍ധ സെഞ്ച്വറിയും മിച്ചല്‍ മാര്‍ഷിന്റെ വെടിക്കെട്ടുമാണ് കങ്കാരുക്കള്‍ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം പാളിയെങ്കിലും ക്യാപ്റ്റന്‍ റിച്ചാര്‍ഡ് ബെറിങ്ടണ്‍ അടക്കമുള്ളവരുടെ ചെറിയ ചെറിയ ഇന്നിങ്‌സുകള്‍ ടീമിന് ഡീസന്റ് ടോട്ടല്‍ സമ്മാനിച്ചു.

ജോര്‍ജ് മുന്‍സി (16 പന്തില്‍ 28), വിക്കറ്റ് കീപ്പര്‍ മാത്യു ക്രോസ് (21 പന്തില്‍ 27), റിച്ചി ബെറിങ്ടണ്‍ (20 പന്തില്‍ 23), ബ്രാന്‍ഡന്‍ മാക്മുള്ളന്‍ (15 പന്തില്‍ 19) എന്നിവരാണ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്.

ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ 13 പന്തില്‍ 16 റണ്‍സ് നേടിയ മാര്‍ക് വാട്ടും എട്ട് പന്തില്‍ പത്ത് റണ്‍സടിച്ച ജാക് ജാര്‍വിസും തങ്ങളുടേതായ സംഭവാനകള്‍ നല്‍കി. ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 154ല്‍ സ്‌കോട്‌ലാന്‍ഡ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഓസീസിനായി ഷോണ്‍ അബോട്ട് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സേവ്യര്‍ ബാര്‍ട്‌ലെറ്റും ആദം സാംപയും രണ്ട് വിക്കറ്റ് വീതവും നേടി. കാമറൂണ്‍ ഗ്രീനും റിലി മെറെഡിത്തുമാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിനെ ബ്രോണ്‍സ് ഡക്കാക്കി ബ്രാന്‍ഡന്‍ മാക്മുള്ളന്‍ മടക്കി.

സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് കയറും മുമ്പ് തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട ഓസ്‌ട്രേലിയ തങ്ങളുടെ തനിസ്വരൂപം പുറത്തെടുത്തു. വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെ ഒപ്പം കൂട്ടി ട്രാവിസ് ഹെഡ് തകര്‍ത്തടിച്ചു. ഒരു വശത്ത് നിന്നും ഹെഡ് തകര്‍ത്തടിക്കുമ്പോള്‍ മറുവശത്ത് നിന്ന് മാര്‍ഷും തന്റെ ജോലി ഗംഭീരമാക്കി.

ഒന്നിന് പിന്നാലെ ഒന്നായി സിക്‌സറുകളും ഫോറും പിറന്നപ്പോള്‍ ആദ്യ ആറ് ഓവറില്‍ 113 റണ്‍സാണ് ഓസ്‌ട്രേലിയ അടിച്ചെടുത്തത്.

എന്നാല്‍ അധികം വൈകാതെ ഇരുവരും പുറത്തായി. ഹെഡ് 25 പന്തില്‍ 80 റണ്‍സ് നേടി പുറത്തായി. അഞ്ച് സിക്‌സറും 12 ബൗണ്ടറിയുമാണ് തലയുടെ വിളയാട്ടത്തില്‍ ഉണ്ടായിരുന്നത്.

12 പന്തില്‍ 39 റണ്‍സാണ് മാര്‍ഷ് സ്വന്തമാക്കിയത്. അഞ്ച് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഏഴാം ഓവറിലെ അവസാന പന്തില്‍ മാര്‍ഷ് പുറത്താകുമ്പോള്‍ വിജയത്തിന് വെറും 32 റണ്‍സ് മാത്രമകലെയായിരുന്നു ഓസീസ്. വിക്കറ്റ് കീപ്പര്‍ ജോസ് ഇംഗ്ലിസും മാര്‍കസ് സ്‌റ്റോയ്‌നിസും ചേര്‍ന്ന് അധികം പണിപ്പെടാതെ ഓസീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ഇംഗ്ലിസ് 13 പന്തില്‍ പുറത്താകാതെ 27 റണ്‍സ് നേടിയപ്പോള്‍ അഞ്ച് പന്തില്‍ എട്ട് റണ്‍സുമായി സ്റ്റോയ്‌നിസും പുറത്താകാതെ നിന്നു.

സ്‌കോട്‌ലാന്‍ഡിനായി മാര്‍ക് വാട്ട് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ബ്രാന്‍ഡന്‍ മാക്മുള്ളന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും സന്ദര്‍ശകര്‍ക്കായി.

സെപ്റ്റംബര്‍ ആറിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ഗ്രാന്‍ജ് ക്ലബ്ബ് തന്നെയാണ് വേദി.

Content Highlight: Australia’s tour of Scotland; Australia defeated Scotland

We use cookies to give you the best possible experience. Learn more