| Tuesday, 21st February 2023, 12:38 pm

തോൽവിക്ക് പിന്നാലെ വീണ്ടും ഓസ്ട്രേലിയക്ക് തിരിച്ചടി; കൂടുതൽ താരങ്ങൾ നാട്ടിലേക്ക് മടങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ബോർഡർ-ഗവാസ്കർ ട്രോഫിയിൽ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ആദ്യ ടെസ്റ്റ്‌ ഇന്നിങ്സിനും 132 റൺസിനും വിജയിച്ച ഇന്ത്യൻ ടീം. രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്സിൽ 263 റൺസെടുത്ത്‌ പുറത്തായ ഓസീസിനെതിരെ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ടീം 262 റൺസിന് പുറത്തായിരുന്നു.
ശേഷം രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 113 റൺസിന് ഒതുക്കാൻ കഴിഞ്ഞതോടെയാണ് ഇന്ത്യൻ ടീമിന്റെ വിജയം അനായാസമായത്.

115 റൺസിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യൻ ടീം ആറ് വിക്കറ്റുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

31 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ, 31 റൺസെടുത്ത് പുറത്താവാതെ നിന്ന ചേതേശ്വർ പുജാര എന്നിവരുടെ ബാറ്റിങ്‌ മികവിലാണ് ഇന്ത്യൻ ടീം വിജയ ലക്ഷ്യം മറികടന്നത്.

എന്നാൽ പരമ്പരയിൽ നിർണായകമായ രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെ ഓസ്ട്രേലിയക്ക് തിരിച്ചടിയായി കൂടുതൽ താരങ്ങൾ നാട്ടിലേക്ക് മടങ്ങുകയാണ്.

ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, ഡേവിഡ് വാർണർ എന്നീ താരങ്ങൾ ഇതിനോടകം തന്നെ നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. എന്നാലിപ്പോൾ ഓസീസ് മാനേജ്മെന്റിന്റെ തീരുമാനപ്രകാരം ആഷ്റ്റൺ ആഗർ, മാറ്റ് റെൻഷോ എന്നീ താരങ്ങളും ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങിപ്പോകും എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ക്രിക്ക് ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

“നമ്മൾ ആവശ്യത്തിലധികം താരങ്ങളുമായാണ് മത്സരിക്കാൻ വന്നിരിക്കുന്നതെന്ന് തോന്നുന്നു. ഓസ്ട്രേലിയൻ ക്രിക്കറ്റിനെക്കുറിച്ച് തീരുമാനമെടുക്കുമ്പോൾ നമ്മൾ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. അടുത്ത രണ്ട് മത്സരങ്ങൾ ടീമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണ്.

അതിനാൽ ആവശ്യമുള്ള സ്‌ക്വാഡിനെ നിലനിർത്തി ബാക്കിയുള്ളവരെ തിരിച്ചയക്കുന്ന കാര്യം ഓസീസ് ക്രിക്കറ്റ് അസോസിയേഷൻ പരിഗണിക്കുന്നുണ്ട്,’ ഓസ്ട്രേലിയൻ കോച്ച് ആൻഡ്രൂ മക്ഡോണാൾഡ് പറഞ്ഞു.

അതേസമയം ഇൻഡോർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ വെച്ചാണ് ഇന്ത്യൻ ടീമിന്റെ അടുത്ത മത്സരങ്ങൾ. ഇനി പരമ്പരയിലെ ഒരു മത്സരം സമനിലയായാൽ തന്നെ ഇന്ത്യക്ക് ബോർഡർ-ഗവാസ്കർ ട്രോഫി സ്വന്തമാക്കാം.

പരമ്പര വിജയിക്കാൻ സാധിച്ചാൽ മാത്രമേ ഇന്ത്യൻ ടീമിന് ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ സാധിക്കൂ.

Content Highlights; australia’s setback after defeat; More players are returning home

Latest Stories

We use cookies to give you the best possible experience. Learn more