football news
ഓസീസ് ജനസംഖ്യയുടെ 41 ശതമാനവും തത്സമയം കണ്ടു; ചരിത്ര വ്യൂവര്‍ഷിപ്പുമായി വനിതാ ലോകകപ്പ് സെമി
സ്പോര്‍ട്സ് ഡെസ്‌ക്
2023 Aug 17, 12:30 pm
Thursday, 17th August 2023, 6:00 pm

ഓസ്ട്രേലിയയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ടി.വി ഇവന്റായി
വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ഓസ്ട്രേലിയയുടെ സെമിഫൈനല്‍ മത്സരം. ദി സെവന്‍ നെറ്റ്‌വക്കിനെ ഉദ്ധരിച്ചുള്ള ഇ.എസ്.പിഎന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം 11.15 മില്യണ്‍ ആളുകളാണ് ബുധനാഴ്ച സിഡ്നിയില്‍ നടന്ന മത്സരം തത്സമയം കണ്ടത്. ഇത് ഓസീസ് ജനസംഖ്യയുടെ ഏകദേശം 41 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘പതിറ്റാണ്ടുകളായി ഞങ്ങള്‍ കണ്ടിട്ടില്ലാത്ത ഒരു കാഴ്ച. ഓസ്ട്രേലിയന്‍ ജനതയുടെ മനോഭാവം മുഴുവന്‍ ഈ ഒറ്റ മത്സരം പിടുച്ചുപറ്റി,’ എന്നാണ് ദി സെവന്‍ നെറ്റ്വര്‍ക്കിന്റെ മേധാവി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് പറഞ്ഞത്. 16 നും 54നും ഇടയിലുള്ള ഭൂരിഭാഗം ആളുകളും മത്സരം കണ്ടിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് വിവിധ പ്രമുഖ നഗരങ്ങളിലെ പബ്ബുകള്‍, ക്ലബ്ബുകള്‍, സ്റ്റേഡിയങ്ങള്‍ തുടങ്ങിയവയിലൊക്കെ മത്സരം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതൊക്കെ ഉള്‍പ്പെടുത്തിയാണ് ദി സെവന്‍ നെറ്റ്വര്‍ക്ക് ഇതുസംബന്ധിച്ച സ്റ്റാറ്റി തയ്യാറാക്കിയിട്ടുള്ളത്.

അതേസമയം, റെക്കോര്‍ഡ് കാഴ്ചക്കാരെ കിട്ടിയെങ്കിലും ആതിഥേയരായ ഓസ്‌ട്രേലിയ സെമിയില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. രണ്ടാം സെമിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഓസീസ് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതത്. നിലവിലെ യൂറോ കപ്പ് ജേതാക്കള്‍ കൂടിയായ ഇംഗ്ലണ്ട് ആദ്യമായാണ് ലോകകപ്പ് ഫൈനലിലെത്തുന്നത്.

ഇംഗ്ലണ്ടും സ്‌പെയ്‌നുമാണ് ലോകപ്പില്‍ ഫൈനലിലെത്തിയിരിക്കുന്നത്. സ്വീഡനെ കീഴടക്കിയാണ് സ്പെയ്ന്‍ നേരത്തെ ഫൈനലില്‍ കടന്നത്. സ്പാനിഷ് വനിതകളും ആദ്യമായിട്ടാണ് ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്.

വനിതാ ലോകകപ്പില്‍ ഒരു പുതിയ ജേതാവിനെയാണ് ഫുട്ബോള്‍ ലോകം പ്രതീക്ഷിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ജര്‍മനി, നോര്‍വേ, ജപ്പാന്‍ എന്നീ മുന്‍ ജേതാക്കളെല്ലാം ഈ ലോകകകപ്പില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. ആഗസ്റ്റ് 20ന് ഇന്ത്യന്‍ സമയം 3.30ന് സിഡ്നിയിലെ ഓസ്ട്രേലിയ സ്റ്റേഡിയത്തിലാണ് ഫൈനല്‍.

Content Highlight: Australia’s semifinal match against England was the most watched TV event in the country’s history