| Monday, 29th January 2024, 4:33 pm

ഓസ്ട്രേലിയൻ തുറമുഖത്ത് ഇസ്രഈലി കപ്പലിനെ തടഞ്ഞ് പ്രതിഷേധം; തുറമുഖം നാല് ദിവസം സ്തംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെൽബൺ: ഓസ്‌ട്രേലിയയിൽ ഫലസ്തീൻ അനുകൂല റാലികളുടെ ശ്രദ്ധാകേന്ദ്രമായി തുറമുഖങ്ങൾ. ഓസ്ട്രേലിയൻ തുറമുഖത്തെത്തുന്ന ഇസ്രഈലി കപ്പലുകളെ ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർ തടയുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വാരം ZIM ഗാഞ്ചസ് എന്ന വാണിജ്യ കപ്പൽ മെൽബണിലെ തുറമുഖത്ത് അടുപ്പിക്കുന്നത് തടയാൻ ഒരു കൂട്ടം പ്രതിഷേധക്കാർ എത്തിയതിന് പിന്നാലെ പൊലീസ് കുരുമുളക് സ്പ്രേ കൊണ്ട് പ്രതിഷേധക്കാരെ നേരിട്ടു.

ഇറക്കുമതി നടത്തുന്ന കടൽപാലത്തിലേക്ക് പ്രവേശനം തടയുകയും വിക്ടോറിയൻ ഇന്റർനാഷണൽ കണ്ടെയ്നർ ടെർമിനൽ (വി.ഐ.സി.ടി) അടച്ചുപൂട്ടാൻ നിർബന്ധിക്കുകയും ചെയ്തതിന് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

നാല് ദിവസമായി പ്രതിഷേധക്കാർ തുറമുഖത്ത് ഉപരോധം നടത്തുകയായിരുന്നു.

ജനുവരി 19ന് ZIM ഗാഞ്ചസ് തുറമുഖത്തോട് അടുക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേയാണ് തുറമുഖത്ത് ഉപരോധം സൃഷ്ടിക്കപ്പെട്ടത്.

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമായ മെൽബണിൽ പ്രതിദിനം 8,850 കപ്പലുകളെയെങ്കിലും കൈകാര്യം ചെയ്യുന്നുണ്ട്. പ്രതിഷേധങ്ങൾ കാരണം നാല് ദിവസത്തോളം തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ നിർത്തേണ്ടതായി വന്നെന്ന് വി.ഐ.സി.ടി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

1945ൽ രാഷ്ട്രമെന്ന ഇസ്രഈലിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ZIM ഷിപ്പിങ് സ്ഥാപിക്കപ്പെട്ടത്. നാസികളുടെ കൂട്ടക്കുരുതിയിൽ നിന്ന് രക്ഷപ്പെട്ട ആളുകളെ പുതിയ ഇസ്രഈൽ രാഷ്ട്രത്തിലെത്തിക്കുവാനാണ് ആദ്യമായി കപ്പൽ ഉപയോഗിച്ചത്.

നിലവിൽ ഇസ്രഈലിലെ പത്താമത്തെ വലിയ ഷിപ്പിങ് കമ്പനിയാണ് ZIM. ഒക്ടോബർ ഏഴിന് ഗസയിൽ ഇസ്രഈൽ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് എലി ഗ്ലിക്ക്മാൻ ഇസ്രഈലിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്ന് അറിയിച്ചിരുന്നു. തുടർന്ന് കമ്പനിക്ക് നേരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

Content Highlight: Australia’s pro-Palestinian activists to continue targeting Israeli ships

We use cookies to give you the best possible experience. Learn more