പിങ്ക് ബോള്‍ ടെസ്റ്റ് തങ്ങളുടെ കുത്തകയാണെന്ന് ഒരിക്കല്‍ക്കൂടി ഉച്ചത്തില്‍ വിളിച്ചുപറയുന്നതായിരുന്നു അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയയുടെ വിജയം. നേരത്തെ ഇന്ത്യയെ 36 റണ്‍സിന് ഓള്‍ ഔട്ടാക്കിയ അതേ വേദിയില്‍ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയിരിക്കുന്നത്.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 19 റണ്‍സിന്റെ വിജയലക്ഷ്യം ഒട്ടും വിയര്‍ക്കാതെ കങ്കാരുക്കള്‍ മറികടക്കുകയായിരുന്നു. ഒരു ടീം എന്ന നിലയില്‍ ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്താണ് ഓസ്‌ട്രേലിയ അഡ്‌ലെയ്ഡിലും വിജയം സ്വന്തമാക്കിയത്.
സ്‌കോര്‍
ഇന്ത്യ: 180 & 175
ഓസ്‌ട്രേലിയ: 337 & 19/0 (T:19)
മറ്റൊരു പിങ്ക് ബോള്‍ ടെസ്റ്റിലും സമഗ്രാധിപത്യം പുലര്‍ത്തിയതോടെ ഡേ നൈറ്റ് ഫോര്‍മാറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ വിജയശതമാനം 92.3 ആയി ഉയര്‍ന്നു. മറ്റൊരു ടീമിനും 60 ശതമാനത്തിലേറെ വിജയം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.
പിങ്ക് ബോളില്‍ 13 മത്സരം കളിച്ച ഓസീസിന്റെ 12ാം വിജയമാണിത്. പരാജയപ്പെട്ടതാകട്ടെ വെസ്റ്റ് ഇന്‍ഡീസിനോടും.
ഈ വര്‍ഷമാദ്യം നടന്ന വിന്‍ഡീസിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഓസ്‌ട്രേലിയക്ക് പിങ്ക് ബോളില്‍ ആദ്യ പരാജയവും ഏക പരാജയവും നേരിടേണ്ടി വന്നത്. തങ്ങളുടെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ട ബ്രിസ്‌ബെയ്‌നിലെ ഗാബയിലാണ് ഈ തോല്‍വി പിറന്നത് എന്നതും ശ്രദ്ധേയമാണ്.
1997ന് ശേഷം വിന്‍ഡീസ് ഓസ്‌ട്രേലിയയില്‍ വിജയിക്കുന്ന ആദ്യ ടെസ്റ്റ് വിജയം എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു.
എട്ട് വിക്കറ്റ് വീഴ്ത്തിയ യുവതാരം ഷമര്‍ ജോസഫിന്റെ കരുത്തിലാണ് വിന്‍ഡീസ് വിജയിച്ചുകയറിയത്. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പര സമനിലയില്‍ അവസാനിപ്പിക്കാനും വിന്‍ഡീസിനായി.
പിങ്ക് ബോളില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഏക വിജയവും ഇത് മാത്രമാണ്.
(ടീം – മത്സരം – വിജയം – തോല്‍വി – വിജയശതമാനം എന്നീ ക്രമത്തില്‍)
ഓസ്ട്രേലിയ – 13 – 12 – 1 – 92.3%
ഇംഗ്ലണ്ട് – 7 – 2 – 5 – 28.57%
ഇന്ത്യ – 5 – 3 – 2 – 60.00%
വെസ്റ്റ് ഇന്‍ഡീസ് – 5 – 1 – 4 – 20.00%
പാകിസ്ഥാന്‍ – 4 – 1 – 3 – 25.00%
ശ്രീലങ്ക – 4 – 2 – 2 – 50.00%
ന്യൂസിലാന്‍ഡ് – 4 – 1 – 3 – 25.00%
സൗത്ത് ആഫ്രിക്ക – 2 – 1 – 1 – 50.00%
ബംഗ്ലാദേശ് – 1 – 0 – 1 – 0.00
സിംബാബ്‌വേ – 1 – 0 – 1 – 0.00
◎ ഇതുവരെ കളിച്ച 23 പിങ്ക് ബോള്‍ ടെസ്റ്റിലും റിസള്‍ട്ട് ഉണ്ടായിട്ടുണ്ട്
◎ ആകെ കളിച്ച 23 മത്സരത്തില്‍ അഞ്ച് മത്സരം മാത്രമാണ് അഞ്ചാം ദിവസത്തിലേക്ക് നീണ്ടത്.
◎ 22ല്‍ രണ്ട് മത്സരങ്ങള്‍ രണ്ടാം ദിവസം തന്നെ അവസാനിച്ചിട്ടുണ്ട്.
◎ പത്തിലധികം പിങ്ക് ബോള്‍ മത്സരം കളിച്ച ഏക ടീം ഓസ്ട്രേലിയയാണ്.
അതേസമയം, അഡ്‌ലെയ്ഡിലെ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ 1-1ന് ഒപ്പമെത്താനും ഓസ്‌ട്രേലിയക്കായി. ഡിസംബര്‍ 14നാണ് പരമ്പരയിലെ അടുത്ത മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ദി ഗാബയാണ് വേദി.
Content highlight: Australia’s dominance in Pink Ball Test