| Tuesday, 17th December 2024, 9:27 pm

ജഡേജ പുറത്തായപ്പോള്‍ ഞങ്ങള്‍ ജയിക്കുമെന്ന് കരുതി, എന്നാല്‍... നിരാശ വ്യക്തമാക്കി ഡാനിയല്‍ വെറ്റോറി

സ്പോര്‍ട്സ് ഡെസ്‌ക്

ഗാബയില്‍ ഇന്ത്യയെ ഫോളോ ഓണിന് അയക്കാന്‍ സാധിക്കാത്തതില്‍ നിരാശ വ്യക്തമാക്കി മുന്‍ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരവും ഓസ്‌ട്രേലിയന്‍ ബൗളിങ് കോച്ചുമായ ഡാനിയല്‍ വെറ്റോറി.

നാലാം ദിവസം ഇന്ത്യയുടെ അവസാന വിക്കറ്റും വീഴ്ത്തി ടീമിനെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് അയക്കാന്‍ സാധിക്കുമെന്ന് കണക്കുകൂട്ടിയിരുന്നെന്നും എന്നാല്‍ ബുംറയുടെയും ആകാശ് ദീപിന്റെയും ചെറുത്തുനില്‍പ്പ് ഇന്ത്യക്ക് തുണയായെന്നും വെറ്റോറി പറഞ്ഞു.

നാലാം ദിവസത്തെ മത്സരം അവസാനിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഓസീസ് ബൗളിങ് കോച്ച്.

‘മത്സരത്തില്‍ ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിടാനുള്ള ഏക മാര്‍ഗം ഫോളോ ഓണായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയുടെ അവസാന വിക്കറ്റ് നേടാന്‍ കിണഞ്ഞു ശ്രമിച്ചിരുന്നു. ജഡേജയുടെ വിക്കറ്റ് വീണപ്പോള്‍ ഞങ്ങള്‍ക്ക് വിജയിക്കാനുള്ള സാധ്യതകളുണ്ടെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ബുംറയും ദീപും (ആകാശ് ദീപ്) ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി,’ വെറ്റോറി പറഞ്ഞു.

വെറ്റോറി സൂചിപ്പിച്ചതുപോലെ വാലറ്റത്തെ ബുംറയുടെയും ആകാശ് ദീപിന്റെയും അപരാജിത ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ ഫോളോ ഓണില്‍ നിന്നും കരകയറ്റിയത്.

ഇന്ത്യന്‍ സ്‌കോര്‍ 219ല്‍ നില്‍ക്കവെയാണ് രവീന്ദ്ര ജഡേജയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായത്. ഇതോടെ ആരാധകരുടെ പ്രതീക്ഷകള്‍ അസ്തമിച്ചെങ്കിലും പ്രതീക്ഷ കൈവിടാന്‍ ആകാശ് ദീപും ബുംറയും ഒരുക്കമായിരുന്നില്ല.

11ാം നമ്പറില്‍ ക്രീസിലെത്തിയ ആകാശ് ദീപിനെ മടക്കി ഇന്ത്യയെക്കൊണ്ട് നാലാം ദിവസം അവസാനിക്കുന്നതിന് മുമ്പ് തന്നെ രണ്ടാം ഇന്നിങ്സിനിറക്കാം എന്ന ഓസീസ് മോഹങ്ങളെ തച്ചുടച്ച് ആകാശ് ദീപും ജസ്പ്രീത് ബുംറയും ചെറുത്തുനിന്നു.

54 പന്ത് നേരിട്ട് 39 റണ്‍സുമായാണ് ബുംറ – ആകാശ് ദീപ് സഖ്യം ബാറ്റിങ് തുടരുന്നത്. നാലാം ദിവസം അവസാനിക്കുമ്പോള്‍ ആകാശ് ദീപ് 31 പന്തില്‍ 27 റണ്‍സും ജസ്പ്രീത് ബുംറ 27 പന്തില്‍ പത്ത് റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.

സ്‌കോര്‍ (നാലാം ദിവസം അവസാനിക്കുമ്പോള്‍)

ഓസ്ട്രേലിയ: 445

ഇന്ത്യ: 252/9

നിലവില്‍ 193 റണ്‍സിന് പിന്നിലാണ് ഇന്ത്യ. മത്സരത്തിന്റെ അവസാന ദിവസം ശേഷിക്കുന്ന ഇന്ത്യന്‍ വിക്കറ്റും വീഴ്ത്തി, വളരെ പെട്ടെന്ന് റണ്‍സ് ഉയര്‍ത്തി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത്, ഇന്ത്യയുടെ പത്ത് വിക്കറ്റുകളും പിഴുതെറിഞ്ഞാല്‍ ഓസ്ട്രേലിയക്ക് വിജയിക്കാന്‍ സാധിക്കും.

എന്നാല്‍ നിലവില്‍ 193 റണ്‍സ് മാത്രമാണ് കുറവുള്ളത് എന്നതിനാലും മറുവശത്ത് ഇന്ത്യ ആയതിനാലും ഓസ്ട്രേലിയ ഈ റിസ്‌ക്കിന് മുതിരുമോ എന്നത് കണ്ടുതന്നെ അറിയണം.

Content Highlight: Australia’s bowling coach Daniel Vettori about Jasprit Bumrah and Akash Deep’s partnership in Gabba test

We use cookies to give you the best possible experience. Learn more