2023 ലോകകപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ വിജയിച്ച് ഓസ്‌ട്രേലിയ. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം.
മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെ അഭാവത്തില്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയായിരുന്നു ബംഗ്ലാ കടുവകളെ നയിച്ചത്.
ഓപ്പണര്‍മാര്‍ ചേര്‍ന്ന് മോശമല്ലാത്ത തുടക്കമാണ് ബംഗ്ലാദേശിന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 76 റണ്‍സാണ് തന്‍സിദ് ഹസനും ലിട്ടണ്‍ ദാസും കൂട്ടിച്ചേര്‍ത്തത്. തുടര്‍ന്ന് വന്ന ബാറ്റര്‍മാരെല്ലാം ഇതേ പ്രകടനം ആവര്‍ത്തിച്ചപ്പോള്‍ ബംഗ്ലാ സ്‌കോര്‍ ഉയര്‍ന്നു.
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. ഓസീസിനായി ആദം സാംപ, ഷോണ്‍ അബോട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാര്‍കസ് സ്‌റ്റോയ്‌നിസ് ഒരു വിക്കറ്റ് നേടിയപ്പോള്‍ ബംഗ്ലാ നിരയില്‍ മൂന്ന് താരങ്ങള്‍ റണ്‍ ഔട്ടാവുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് മിച്ചല്‍ മാര്‍ഷിന്റെ സെഞ്ച്വറിയുടെയും സ്റ്റീവ് സ്മിത്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.
Second World Cup century for Mitch Marsh! He gets there off 87 balls #CWC23
ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ഓസീസ് ടീമിനെ തേടിയെത്തി. ലോകകപ്പില്‍ ഓസ്‌ട്രേലിയ ചെയ്‌സ് ചെയ്ത് വിജയിക്കുന്ന ഏറ്റവുമുയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമാണ് മാര്‍ഷിന്റെ സെഞ്ച്വറി കരുത്തില്‍ കങ്കാരുപ്പട നേടിയത്. ഇതിന് പുറമെ ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഓസീസ് 300+ റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുന്നത് എന്ന നേട്ടവും ഈ ഇന്നിങ്‌സിനുണ്ടായിരുന്നു.
ഇതിന് മുമ്പ് അഫ്ഗാനിസ്ഥാനെതിരെ പിന്തുടര്‍ന്ന് വിജയിച്ച 293 റണ്‍സായിരുന്നു ലോകകപ്പില്‍ ഓസീസിന്റെ ബിഗ്ഗസ്റ്റ് സക്‌സസ്ഫുള്‍ ചെയ്‌സിങ്. സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഇരട്ട സെഞ്ച്വറിയാണ് ഓസീസിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
അതേസമയം, നവംബര്‍ 16ന് നടക്കുന്ന ലോകകപ്പിന്റെ രണ്ടാം സെമി ഫൈനല്‍ മത്സരമാണ് ഓസീസിന് മുമ്പില്‍ ഇനിയുള്ളത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.
Content highlight: Australia’s biggest run chase in the history of world cup