കേരളത്തിന് സഹായവുമായി ഓസ്‌ട്രേലിയയും: സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പഠിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍
Kerala Flood
കേരളത്തിന് സഹായവുമായി ഓസ്‌ട്രേലിയയും: സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പഠിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th September 2018, 5:04 pm

തിരുവനന്തപുരം: പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തിന് സഹായമെത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഓസ്‌ട്രേലിയ. പ്രളയാനന്തരം കേരളത്തിന്റെ തിരിച്ചുവരവിനുള്ള ആവശ്യങ്ങള്‍ എന്തെല്ലാമാണെന്ന് പഠിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ഹരീന്ദര്‍ സിദ്ദു അറിയിച്ചു.

മാതൃഭൂമി ന്യൂസിനോടു സംസാരിക്കവേയാണ് സിദ്ദു ഓസ്‌ട്രേലിയയുടെ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ സന്നദ്ധസംഘടകള്‍ കേരളത്തെ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സാധ്യമായ സഹായങ്ങളെത്തിക്കാന്‍ ഓസ്‌ട്രേലിയ തയ്യാറാണെന്നും സിദ്ദു മാധ്യമങ്ങളോടു പറഞ്ഞു.

 

Also Read: മോദീ, ഈ മൗനം അംഗീകരിക്കാനാവില്ല; നിങ്ങളുടെ സര്‍ക്കാര്‍ ഈ രാജ്യത്തിന് തന്നെ നാണക്കേടാണ്; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

 

പ്രളയക്കെടുതിയില്‍ നിന്നും സാധാരണജീവിതത്തിലേക്കു തിരിച്ചുവരാന്‍ ശ്രമിക്കുന്ന കേരളത്തിന് സഹായവുമായി അനവധി ലോകരാഷ്ട്രങ്ങള്‍ ആരംഭഘട്ടം മുതല്‍ രംഗത്തെത്തിയിരുന്നു. യു.എ.ഇയും ജപ്പാനുമടക്കമുള്ള രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത തുക നിരസിച്ച കേന്ദ്ര നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധവുമുയര്‍ന്നിരുന്നു.

ഇതിനിടെയാണ് സഹായവാഗ്ദാനവുമായി ഓസ്‌ട്രേലിയ എത്തിയിരിക്കുന്നത്. വെള്ളപ്പൊക്കം ആരംഭിച്ചപ്പോള്‍ത്തന്നെ അവശ്യവസ്തുക്കളും അടിയന്തിര ധനസഹായവുമെത്തിക്കാന്‍ ഓസ്‌ട്രേലിയന്‍ മലയാളി സമൂഹം മുന്‍പന്തിയിലുണ്ടായിരുന്നു.