Sports News
വിജയം, കിരീടം, ഫൈനല്‍... ഇന്ത്യയില്ലാത്ത ആദ്യ ഫൈനല്‍; ഇത്തവണ തീ പാറും
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 05, 04:09 am
Sunday, 5th January 2025, 9:39 am

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്‌നി ടെസ്റ്റില്‍ വിജയിച്ചതിന് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടി ഓസ്‌ട്രേലിയ. ഡബ്ല്യൂ.ടി.സി 2023-25 സൈക്കിളില്‍ ഒരു പരമ്പര ബാക്കി നില്‍ക്കവെയാണ് ഓസ്‌ട്രേലിയ ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്. കങ്കാരുക്കളുടെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്.

ജൂണ്‍ 11ന് നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയാണ് കങ്കാരുക്കളുടെ എതിരാളികള്‍. ലണ്ടനിലെ ലോര്‍ഡ്‌സാണ് ഫൈനലിന് വേദിയാകുന്നത്.

പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ വണ്‍ ഓഫ് ടെസ്റ്റ് വിജയിച്ചതിന് പിന്നാലെയാണ് പ്രോട്ടിയാസ് ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയത്. ഇതാദ്യമായാണ് സൗത്ത് ആഫ്രിക്ക വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്.

ഇന്ത്യയില്ലാത്ത ആദ്യ ഫൈനല്‍ എന്ന പ്രത്യേകതയും ഇത്തവത്തെ കലാശപ്പോരാട്ടത്തിനുണ്ട്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ സൈക്കിളായ 2019-21ലും രണ്ടാം സൈക്കിളായ 2021-23ലും ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ രണ്ട് തവണയും പരാജയമായിരുന്നു ഇന്ത്യയ്ക്ക് വിധിച്ചത്.

 

ആദ്യ സൈക്കിളില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട ഇന്ത്യ അടുത്ത സൈക്കിളില്‍ ഓസ്‌ട്രേലിയയോടും തോറ്റു.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ അഞ്ചാം മത്സരത്തില്‍ വിജയിച്ചിരുന്നെങ്കില്‍ ഫൈനല്‍ കളിക്കാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ നിലനില്‍ക്കുമായിരുന്നു.

സിഡ്‌നിയില്‍ ഇന്ത്യ വിജയിക്കുകയും ശ്രീലങ്കയ്‌ക്കെതിരായ വോണ്‍ – മുരളീധരന്‍ ട്രോഫിയില്‍ ലങ്ക മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ കളിക്കാന്‍ സാധ്യതയുണ്ടായിരുന്നു.

അഞ്ചാം ടെസ്റ്റില്‍ ഓസീസ് പരാജയപ്പെടുകയും ലങ്കയ്‌ക്കെതിരായ പരമ്പര ഹോം ടീം വൈറ്റ് വാഷ് ചെയ്യുകയും ചെയ്താല്‍ ശ്രീലങ്കയ്ക്കും ഫൈനല്‍ കളിക്കാനുള്ള വഴിയൊരുങ്ങുമായിരുന്നു. എന്നാല്‍ ഈ സാധ്യതകളെയെല്ലാം പാടെ ഇല്ലാതാക്കിയാണ് സിഡ്‌നിയില്‍ കങ്കാരുക്കള്‍ വിജയിച്ചുകയറിയത്.

 

Content Highlight: Australia qualified for World Test Championship Final