മെൽബൺ: 16 വയസ്സിന് താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിൽ നിന്ന് വിലക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ. കുട്ടികൾക്ക് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാനുള്ള പ്രായ പരിധി 16 വയസ് ആക്കുന്ന നിയമം ലോകത്തിന് മാതൃകയാകുന്ന നിയമമാകുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് അറിയിച്ചു.
‘സോഷ്യൽ മീഡിയ ഞങ്ങളുടെ കുട്ടികൾക്ക് ദോഷം ചെയ്യുന്നു, അതിനാൽ അത് ഉപയോഗിക്കാൻ ഞാൻ പ്രായപരിധി നിശ്ചയിക്കുകയാണ്,’ അൽബാനീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അമിതമായ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിന്ന് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉണ്ടാകുന്ന അപകടസാധ്യതകളെ കുറിച്ചും അൽബാനീസ് പറഞ്ഞു. പ്രത്യേകിച്ച് പെൺകുട്ടികൾക്കുള്ള അപകടസാധ്യതകളും ആൺകുട്ടികളെ ലക്ഷ്യം വച്ചുള്ള സ്ത്രീവിരുദ്ധ ഉള്ളടക്കത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഈ വർഷം ഓസ്‌ട്രേലിയൻ പാർലമെൻ്റിൽ ഇത് സംബന്ധിച്ച നിയമത്തിന്റെ കരട്രൂപം അവതരിപ്പിക്കും. നിയമനിർമാതാക്കൾ അംഗീകരിച്ച് 12 മാസത്തിന് ശേഷം നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്നും അൽബാനീസ് പറഞ്ഞു. എക്സ്, ടിക് ടോക് , ഇൻസ്റ്റാഗ്രാം, ഫേസ്ബുക് എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ 16 വയസ്സിന് താഴെയുള്ള കുട്ടികൾ ഉപയോഗിക്കുന്നത് പുതിയ നിയമത്തിലൂടെ വിലക്കുന്നതാണ്.
‘പ്രായപരിധിക്ക് താഴെയുള്ള കുട്ടികൾ സമൂഹ മാധ്യമങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ ന്യായമായ നടപടികൾ സ്വീകരിക്കേണ്ടത് അതത് സോഷ്യൽ മീഡിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ കടമയാണ്. അതിന്റെ ഉത്തരവാദിത്തം മാതാപിതാക്കൾക്കോ കുട്ടികൾക്കോ ആയിരിക്കില്ല. പ്രായപരിധി ലംഘിച്ച് കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാൽ ആ പ്ലാറ്റ്‌ഫോമുകൾക്ക് പിഴ ചുമത്തും,’ അൽബാനീസ് പറഞ്ഞു.
ഓസ്ട്രേലിയ നിർദേശിക്കുന്ന പ്രായപരിധിയെ മാനിക്കുന്നുവെന്ന് ഫേസ്ബുക്കിന്റേയും ഇൻസ്റ്റഗ്രാമിന്റെയും ഉടമകളായ മെറ്റയുടെ സുരക്ഷാ വിഭാഗം മേധാവി ആന്റണി ഡേവിസ് പറഞ്ഞു. എന്നാൽ എക്സ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
Content Highlight: Australia plans social media ban for under-16s