സിഡ്‌നി: ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ വന്‍കിട ഡിജിറ്റല്‍ കമ്പനികള്‍ വാര്‍ത്തകള്‍ക്ക് അതത് മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന നിയമം ഓസ്‌ട്രേലിയയില്‍ പാസായി. ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളുടെ ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലാണ് സ്‌കോട്ട് മോറിസണ്‍ സര്‍ക്കാര്‍ നിയമം പാസാക്കിയത്.
പുതിയ നിയമ പ്രകാരം സ്ഥലത്തെ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ക്ക് ഫേസ്ബുക്കും ഗൂഗിളും ഉള്‍പ്പെടെയുള്ള കമ്പനികള്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കണം.
നേരത്തെ പുതിയ നിയമത്തില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് തങ്ങളുടെ ഫീഡിലൂടെ വാര്‍ത്തകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ഓസ്ട്രേലിയന്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ യൂസേഴ്‌സിന്റെ വാളില്‍ ന്യൂസ് കണ്ടന്റുകള്‍ പുനഃസ്ഥാപിക്കാന്‍ ഫേസ്ബുക്ക് തയ്യാറാകുകയായിരുന്നു.
തങ്ങളുടെ പ്രധാന ആശങ്കകള്‍ പരിഹരിക്കുന്ന നിരവധി മാറ്റങ്ങളും ഉറപ്പുകളും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ടെന്നും ഈ മാറ്റങ്ങളുടെ ഫലമായി, പൊതു താല്‍പ്പര്യമുള്ള ജേണലിസത്തില്‍ തങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചിരുന്നു.
ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന ന്യൂസ് കോഡ് അടിസ്ഥാനപരമായി തങ്ങളും ന്യൂസ് പബ്ലിഷര്‍മാരും തമ്മിലുള്ള ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നായിരുന്നു ഓസ്ട്രേലിയയിലെ ഫേസ്ബുക്ക് പ്രതിനിധികളുടെ വാദം.
നിയമത്തിനെതിരെ ഫേസ്ബുക്ക് കടുത്ത നിലപാട് സ്വീകരിച്ചതിന് പിന്നാലെ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും അറിയിച്ചിരുന്നു.