ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ തകര്‍ത്തുവിട്ട് ഓസീസ് ടെസ്റ്റ് ഫോര്‍മാറ്റിലെ രാജാക്കന്‍മാരായി മാറിയിരിക്കുകയാണ്. ഓവലില്‍ നടന്ന മത്സരത്തില്‍ രോഹിത് ശര്‍മക്കും സംഘത്തിനുമെതിരെ 209 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഓസീസ് നേടിയത്.
ന്യൂസിലാന്‍ഡിന് ശേഷം വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിച്ച ഓസീസിനെ തേടി അത്യപൂര്‍വ നേട്ടമാണ് എത്തിയിരിക്കുന്നത്. ഐ.സി.സിയുടെ എല്ലാ മെന്‍സ് ടൈറ്റിലുകളും സ്വന്തമാക്കിയ ഏക ടീം എന്ന ചരിത്രനേട്ടമാണ് ഓസീസ് സ്വന്തമാക്കിയത്.
അഞ്ച് തവണ ലോകകപ്പ് നേടിയ ഓസീസ് ചാമ്പ്യന്‍സ് ലീഗ് ട്രോഫിക്കും ഐ.സി.സി ടി-20 ലോകകപ്പിനുമൊപ്പം ടെസ്റ്റ് മെയ്‌സ് കൂടി സ്വന്തമാക്കിയതോടെയാണ് ഈ നേട്ടം അവര്‍ക്ക് സ്വന്തമായത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഓസീസ് 2021ല്‍ ടി-20 ലോകകപ്പില്‍ മുത്തമിടുന്നത്. അന്ന് ന്യൂസിലാന്‍ഡിനെ എട്ട് വിക്കറ്റിന് തോല്‍പിച്ചായിരുന്നു ആരോണ്‍ ഫിഞ്ചും സംഘവും കിരീടത്തില്‍ മുത്തമിട്ടത്.
ശേഷം ഓവലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ടെസ്റ്റ് കിരീടവും സ്വന്തമാക്കിയതോടെ ഓസീസ് പുരുഷ ക്രിക്കറ്റിലെ നേട്ടങ്ങള്‍ സമ്പൂര്‍ണമാക്കിയത്.
Cricket World Cup ✅
T20 World Cup ✅
Champions Trophy ✅
World Test Championship ✅
ഈ ഫൈനലില്‍ വിജയിക്കുകയാമെങ്കില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമായി മാറാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു. മറ്റെല്ലാ കിരീടവും സ്വന്തമാക്കിയ ഇന്ത്യന്‍ മെന്‍സ് ടീമിന് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം മാത്രമാണ് ഇനി നേടാന്‍ ബാക്കിയുള്ളത്.
1983, 2011 സീസണുകളില്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യ 2002ലും 2013ലും ചാമ്പ്യന്‍സ് ട്രോഫിയും 2007ല്‍ ടി-20 ലോകകപ്പും സ്വന്തമാക്കിയിരുന്നു.
2021 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി കിരീടം നേടാന്‍ സാധിക്കുകയാണെങ്കില്‍ നേരത്തെ തന്നെ ഈ നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു.
2013ന് ശേഷം ഒരു ദശാബ്ദ കാലമായി ഇന്ത്യക്ക് ഒറ്റ ഐ.സി.സി ടൂര്‍ണമെന്റില്‍ പോലും മുത്തമിടാന്‍ സാധിച്ചിട്ടില്ല എന്നതും ഇതൊടൊപ്പം ചേര്‍ത്തുവെക്കാവുന്നതാണ്.
2014 മുതലുള്ള എല്ലാ ടൂര്‍ണമെന്റിലും ഇന്ത്യ നോക്ക് ഔട്ട് ഘട്ടത്തിലാണ് പുറത്തായിട്ടുള്ളത്. 2014 ടി-20 ലോകകപ്പിന്റെ ഫൈനലില്‍ മലിംഗയുടെ ശ്രീലങ്കക്ക് മുമ്പില്‍ തോല്‍വിയുടെ പരമ്പരയാരംഭിച്ച ഇന്ത്യ ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ജേതാക്കളായി കിരീടവരള്‍ച്ചക്ക് വിരാമമിടുക എന്നത് മാത്രമാകും ഇന്ത്യയുടെ ലക്ഷ്യം.
Content Highlight: Australia is the first team to win all the ICC Men’s titles