| Monday, 13th February 2023, 8:44 am

വിരാടിനെ കറക്കിവീഴ്ത്താന്‍ ഓസീസിന്റെ പുതിയ രാജതന്ത്രം; 'കുഞ്ഞുമോനെ' ടീമിലെത്തിച്ച് കങ്കാരുക്കള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ടീമില്‍ അഴിച്ചുപണികള്‍ നടത്തിയ ഓസ്‌ട്രേലിയ. ബൗളിങ്ങിലെ പോരായ്മകള്‍ പരിഹരിക്കാനാണ് ഓസീസ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന്റെ ഭാഗമായി മിച്ചല്‍ സ്വെപ്‌സണ് പകരം മാത്യു കുന്‍മാനെ (Matthew Kuhnemann) ടീമിലെത്തിക്കാനാണ് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്. നഥാന്‍ ലിയോണും ടോഡ് മര്‍ഫിയുമടങ്ങുന്ന സ്പിന്‍ നിര കുന്‍മാന്റെ വരവോടെ കൂടുതല്‍ ശക്തമാകുമെന്നാണ് കരുതുന്നത്.

ഇടം കയ്യന്‍ ഓര്‍ത്തഡോക്‌സ് ബൗളറാണ് കുന്‍മാന്‍. കുന്‍മാന്റെ അഡിഷന്‍ ഏറ്റവുമധികം ഞെട്ടലുണ്ടാക്കുന്നത് വിരാട് കോഹ്‌ലിക്ക് തന്നെയാകും. ഇടം കയ്യന്‍ ഓര്‍ത്തഡോക്‌സ് ബൗളര്‍മാര്‍ക്കെതിരെ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന വിരാടിനെ തന്നെ ലക്ഷ്യം വെച്ചായിരിക്കാം ഓസീസിന്റെ പുതിയ നീക്കമെന്നും ചര്‍ച്ചകളുയരുന്നുണ്ട്.

2022ലാണ് താരം ഓസീസിനായി അരങ്ങേറിയത്. ഏകദിനത്തില്‍ ഓസീസിനായി നാല് മത്സരങ്ങളില്‍ പന്തെറിഞ്ഞ കുന്‍മാന് ആറ് വിക്കറ്റുകളാണുള്ളത്. 26 റണ്‍ വഴങ്ങി രണ്ട് വിക്കറ്റാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരത്തിന്റെ മികച്ച പ്രകടനം.

2021ലാണ് താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് കാലെടുത്ത് വെക്കുന്നത്. 2021 ഫെബ്രുവരി 17ന് ടാസ്മാനിയക്കെതിരെ ക്വീന്‍സ്‌ലാന്‍ഡിന് വേണ്ടി പന്തെറിഞ്ഞുകൊണ്ടായിരുന്നു കുന്‍മാന്‍ തന്റെ ഫസ്റ്റ് ക്ലാസ് കരിയര്‍ ആരംഭിച്ചത്.

13 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്നും 35 വിക്കറ്റ് കുന്‍മാന്‍ സ്വന്തമാക്കിയിട്ടുണ്ട്. 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരത്തിന്റെ മികച്ച പ്രകടനം.

28 ലിസ്റ്റ് എ മത്സരം കളിച്ച താരം 43 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ബി.ബി.എല്ലില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റിന് വേണ്ടിയാണ് കുന്‍മാന്‍ പന്തെറിയുന്നത്.

കുന്‍മാന്‍ ടീമിലെത്തുന്നു എന്ന വാര്‍ത്ത ക്രിക്കറ്റ് ആരാധകര്‍ക്കിടിയിലും ചര്‍ച്ചയാകുന്നുണ്ട്. ജോസ് ബട്‌ലറിനെ ജോസേട്ടനാക്കിയ മലയാളികള്‍ കുന്‍മാനെ സ്‌നേഹത്തോടെ ‘കുഞ്ഞുമോന്‍’ എന്ന പേരില്‍ ഏറ്റെടുത്തുകഴിഞ്ഞു.

ഫെബ്രുവരി 19നാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരം അരങ്ങേറുന്നത്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദി.

നാഗ്പൂരില്‍ വെച്ച് നടന്ന ആദ്യ ടെസ്റ്റിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ തന്നെയാകും ഇന്ത്യയിറങ്ങുക. രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍ പല മാറ്റങ്ങളും ഇന്ത്യന്‍ നിരയിലും ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Australia includes Matthew Kunhemann in team against India

Latest Stories

We use cookies to give you the best possible experience. Learn more