ഓസ്‌ട്രേലിയ സെമിയില്‍
DSport
ഓസ്‌ട്രേലിയ സെമിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st October 2012, 9:34 am

കൊളംബോ: തുടര്‍ച്ചയായി നാലാം മല്‍സരത്തിലും കളിയിലെ കേമന്‍പട്ടം സ്വന്തമാക്കിയ ഷെയ്ന്‍ വാട്‌സന്റെ ഓള്‍റൗണ്ട് മികവില്‍ ഓസ്‌ട്രേലിയ നാലാം ട്വന്റി-20 ലോകകപ്പ് സെമിഫൈനലില്‍ സ്ഥാനമുറപ്പിച്ചു.

സൂപ്പര്‍ എട്ടിലെ ആദ്യമല്‍സരത്തില്‍ ഇന്ത്യയെ തകര്‍ത്ത ഓസീസ്, ദക്ഷിണാഫ്രിക്കയെയും തകര്‍ത്ത് തരിപ്പണമാക്കി. എട്ട് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ഒന്നാം ഗ്രൂപ്പില്‍ രണ്ട് മല്‍സരം ജയിച്ച് ശ്രീലങ്ക ഇതിനകം സെമി ഉറപ്പാക്കി. നാളെ ഓസ്‌ട്രേലിയ പാക്കിസ്ഥാനുമായും ഇന്ത്യ ദക്ഷിണാഫ്രിക്കയുമായും കളിക്കും.[]

സ്‌കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ അഞ്ചിന് 146. (റോബിന്‍ പീറ്റേഴ്‌സണ്‍ നോട്ടൗട്ട് 32, ഫര്‍ഹാന്‍ ബെഹര്‍ദിന്‍ നോട്ടൗട്ട് 31, ജെപി ഡുമിനി 30, ഡിവില്ലിയേഴ്‌സ് 21. സേവ്യര്‍ ഡോഹെര്‍ട്ടി 20നു മൂന്ന്, ഷെയ്ന്‍ വാട്‌സണ്‍ 29ന് രണ്ട്).

ഓസ്‌ട്രേലിയ: 17.4 ഓവറില്‍ രണ്ടിന് 147. (വാട്‌സണ്‍ 70, മൈക്ക് ഹസ്സി നോട്ടൗട്ട് 45, കാമറോണ്‍ വൈറ്റ് നോട്ടൗട്ട് 21).

ഇന്ന് ഒന്നാം ഗ്രൂപ്പില്‍ ന്യൂസിലന്‍ഡ് വെസ്റ്റ് ഇന്‍ഡീസുമായും ശ്രീലങ്ക ഇംഗ്ലണ്ടുമായും കളിക്കും. രണ്ട് മല്‍സരങ്ങളും സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം കാണാം. രണ്ട് മല്‍സരം തോറ്റ ന്യൂസീലന്‍ഡ് ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു.

ഇന്ന് അവര്‍ വിന്‍ഡീസിനെ തോല്‍പ്പിക്കുകയും ശ്രീലങ്ക ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ മൂന്ന് ടീമുകള്‍ക്ക് ഓരോ ജയം എന്ന സ്ഥിതി വരും. പിന്നത്തെ കാര്യം റണ്‍റേറ്റ് തീരുമാനിക്കും.

ഇന്നലെ ദക്ഷിണാഫ്രിക്കയെ കളിയുടെ എല്ലാ മേഖലകളിലും നിഷ്പ്രഭരാക്കിയാണ് ഓസ്‌ട്രേലിയ സെമിയിലേക്ക് കുതിച്ചത്. ഗ്രൂപ്പില്‍ ശേഷിക്കുന്ന മല്‍സരങ്ങളുടെ ഫലം ഓസീസിനെ ബാധിക്കില്ല. അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയത് ശരിവച്ച പ്രകടനത്തിലൂടെ സേവ്യര്‍ ഡോഹെര്‍ട്ടിയാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്.

നാലോവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഡോഹെര്‍ട്ടി മൂന്ന് വിക്കറ്റെടുത്തു. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ത്തന്നെ റിച്ചാര്‍ഡ് ലെവിയെയും രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ജാക്ക് കാലിസിനെയും ഈ ഓസീസ് താരം പുറത്താക്കി.

മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയയ്ക്കു സ്‌കോര്‍ പത്തില്‍ എത്തിയപ്പോള്‍ത്തന്നെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ നഷ്ടമായെങ്കിലും വാട്‌സണ്‍-മൈക്ക് ഹസ്സി കൂട്ടുകെട്ട് രണ്ടാം വിക്കറ്റിന് 99 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ജയമുറപ്പിച്ചു.