സിഡ്‌നി: റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയുടെ ഗവര്‍ണറായി ആദ്യമായി ഒരു വനിത ചുമതലയേല്‍ക്കുന്നു. നിലവിലെ ഗവര്‍ണറായ ഫിലിപ് ലോവെയുടെ ഏഴ് വര്‍ഷത്തെ കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് മിഷേല്‍ ബുള്ളോക്കിന്റെ നിയമനം. ഫിലിപ്പില്‍ നിന്നും സെപ്റ്റംബറില്‍ മിഷേല്‍ ചുമതലയേറ്റെടുക്കും. നിലവില്‍ ഡെപ്യൂട്ടി ഗവര്‍ണറാണ് മിഷേല്‍.
രാജ്യം വലിയ രീതിയിലുള്ള വിലക്കയറ്റത്തെ അഭിമുഖീകരിക്കുന്നതിനിടെയാണ് മിഷേലിന്റെ നിയമനം. പണപ്പെരുപ്പത്തെ നേരിടാനായി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
റിസര്‍വ് ബാങ്ക് അതിന്റെ നയങ്ങള്‍ ഓസ്‌ട്രേലിയന്‍ ജനതയുടെ ക്ഷേമങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നത് ഉറപ്പാക്കുമെന്ന് മിഷേല്‍ ബുള്ളോക്ക് പറഞ്ഞു.
‘ഇത്തരമൊരു സുപ്രധാന സ്ഥാനത്തേക്ക് എന്നെ നിയമിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ഇത്രയും പ്രതിസന്ധി നേരിടുന്ന ഒരു സമയത്ത് ഇത്തരമൊരു സ്ഥാനത്തേക്ക് വരുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്, എന്നാല്‍ എക്‌സിക്യൂട്ടീവ് ടീമിന്റെയും ബോര്‍ഡിന്റെയും ശക്തമായ പിന്തുണ എനിക്കുണ്ട്. റിസര്‍വ് ബാങ്ക് അതിന്റെ നയങ്ങള്‍ ഓസ്‌ട്രേലിയന്‍ ജനതയുടെ ക്ഷേമങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നത് ഉറപ്പാക്കും,’ അവര്‍ പറഞ്ഞു.
മിഷേല്‍ മികച്ച സാമ്പത്തിക വിദഗ്ധയാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു. ആര്‍.ബി.ഒയെ നയിക്കുന്നതിയുള്ള അനുഭവ സമ്പത്തും വൈദഗ്ധ്യവും മിഷേലിനുണ്ടെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
1985 ലാണ് മിഷേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയില്‍ നിയമിതയാകുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ ഇംഗ്ലണ്ടില്‍ നിന്നുമായിരുന്നു ബിരുദം നേടിയത്. പെയ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ബാങ്കിങ് ഉള്‍പ്പെടെയുള്ള മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022 ഏപ്രില്‍ ആദ്യ വനിതാ ഡെപ്യൂട്ടി ഗവര്‍ണറായി മിഷേല്‍ നിയമിതയായിരുന്നു.
1960ലായിരുന്നു റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ നിലവില്‍ വരുന്നത്. ആര്‍.ബി.ഒ സ്ഥാപിതമായതിന് ശേഷം ഇതാദ്യമായാണ് ഒരു വനിത ഗവര്‍ണര്‍ സ്ഥാനത്തേക്ക് വരുന്നത്.
Content Highlight: Australia has appointed the first woman to lead the Reserve Bank of Australia