2024 അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ കപ്പുയര്‍ത്തിയിരിക്കുകയാണ്. സഹാറ പാര്‍ക്ക് വില്ലോമൂറില്‍ നടന്ന മത്സരത്തില്‍ 79 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ടൂര്‍ണമെന്റില്‍ പരാജയമറിയാതെ ഫൈനല്‍ വരെയെത്തിയ ഇന്ത്യക്ക് ഒടുവില്‍ ഫൈനലില്‍ കാലിടറുകയായിരുന്നു.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 254 റണ്‍സ് മറികടക്കാനുറച്ച് ക്രീസിലെത്തിയ ഇന്ത്യയുടെ കൗമാരനിരയ്ക്ക് 174 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തില്‍ ഓസീസിന്റെ നാലാം കിരീടമാണിത്. ആറ് ഫൈനലുകളില്‍ നിന്നായാണ് ഓസീസ് നാല് കിരീടം സ്വന്തമാക്കിയത്.
അണ്ടര്‍ 19 ലോകകപ്പിന്റെ ഉദ്ഘാടന സീസണില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി കപ്പുയര്‍ത്തിയ ഓസ്‌ട്രേലിയ 2002ലും 2010ലും ഇപ്പോള്‍ 2024ലും കിരീടനേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ്.
രണ്ട് തവണ മാത്രമാണ് ഓസീസ് ഫൈനലിലെത്തി പരാജയപ്പെടുന്നത്. 2012ലും 2018ലും. ഈ രണ്ട് തവണ കങ്കാരുക്കളെ പരാജയപ്പെടുത്തിയതാകട്ടെ ഇന്ത്യയും.
2012ല്‍ ഉന്‍മുക്ത് ചന്ദിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ആതിഥേയരായ ഓസീസിനെ അവരുടെ തട്ടകത്തില്‍ ആറ് വിക്കറ്റിന് തകര്‍ക്കുകയായിരുന്നു. ഓസീസ് ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയലക്ഷ്യം 47.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു.
ശേഷം മൂന്ന് സീസണുകള്‍ക്കിപ്പുറം 2018ല്‍ ന്യൂസിലാന്‍ഡ് ആതിഥേയത്വം വഹിച്ച ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിലും ഓസീസ് ഇന്ത്യക്ക് മുമ്പില്‍ പരാജയം സമ്മതിച്ചു. പൃഥ്വി ഷായുടെ നേത്വത്തിലിറങ്ങിയ ഇന്ത്യ ഓസീസ് ഉയര്‍ത്തിയ 217 റണ്‍സിന്റെ ലക്ഷ്യം വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.
ശേഷം മറ്റൊരു ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയും ഇന്ത്യയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കടലാസില്‍ നേരിയ ആധിപത്യം ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍ ഫൈനലില്‍ മൂന്നാം തവണയും കങ്കാരുക്കള്‍ ഇന്ത്യക്ക് മുമ്പില്‍ അടിയറവ് പറയുമെന്ന് കരുതിയവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് കുട്ടിക്കങ്കാരുക്കള്‍ കിരീടം ചൂടുകയായിരുന്നു.
Content highlight: Australia finally defeated India in Under 19 World Cup final