| Wednesday, 25th October 2023, 7:43 pm

സൗത്ത് ആഫ്രിക്കക്ക് ശേഷം ഒറ്റ റണ്‍സിന്റെ ചതിക്കുഴിയില്‍ ഓസ്‌ട്രേലിയയും; കണ്‍മുമ്പില്‍ നിന്നും നഷ്ടമായത് ചരിത്ര റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിലെ 24ാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ കൂറ്റന്‍ സ്‌കോര്‍ നേടി ഓസ്‌ട്രേലിയ. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് ഓസീസ് നേടിയത്.

ഡേവിഡ് വാര്‍ണറിന്റെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും സെഞ്ച്വറി കരുത്തിലാണ് ഓസീസ് കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. ഡേവിഡ് വാര്‍ണര്‍ 93 പന്തില്‍ 104 റണ്‍സ് നേടിയപ്പോള്‍ 44 പന്തില്‍ നിന്നും 106 റണ്‍സായിരുന്നു മാക്‌സ്‌വെല്ലിന്റെ സമ്പാദ്യം.

ഒമ്പത് ബൗണ്ടറിയും എട്ട് സിക്‌സറും അടക്കമായിരുന്നു മാക്‌സ്‌വെല്‍ തന്റെ വെടിക്കെട്ട് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

നേരിട്ട 40ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വാര്‍ണര്‍ ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുടെ റെക്കോഡും തന്റെ പേരിലാക്കി.

ഇരുവര്‍ക്കും പുറമെ സ്റ്റീവ് സ്മിത്തിന്റെയും മാര്‍നസ് ലബുഷാന്റെയും അര്‍ധ സെഞ്ച്വറികളും ടീമിന് തുണയായി. സ്മിത് 68 പന്തില്‍ 71 റണ്‍സടിച്ചപ്പോള്‍ 47 പന്തില്‍ നിന്നും ലബുഷാന്‍ 62 റണ്‍സും നേടി.

ഈ വെടിക്കെട്ട് ഇന്നിങ്‌സുകളുണ്ടായിരുന്നെങ്കിലും റെക്കോഡ് നേട്ടത്തിന് തൊട്ടടുത്ത് വീഴാനായിരുന്നു ഓസീസിന്റെ വിധി.

ഒരു റണ്‍സ് കൂടി ടോട്ടലില്‍ ചേര്‍ത്തിരുന്നെങ്കില്‍ ഏറ്റവുമധികം തവണ 400 റണ്‍സോ അതിലധികമോ നേടുന്ന നാലാമത് ടീം എന്ന റെക്കോഡ് ഒറ്റയ്ക്ക് സ്വന്തമാക്കാന്‍ കങ്കാരുക്കള്‍ക്ക് സാധിക്കുമായിരുന്നു. നിലവില്‍ രണ്ട് തവണയാണ് ഓസീസ് ഏകദിനത്തില്‍ 400/ 400+ റണ്‍സ് നേടിയത്.

ഏകദിനത്തില്‍ ഏറ്റവുമധികം 400+ സ്‌കോര്‍ നേടിയ ടീമുകള്‍

സൗത്ത് ആഫ്രിക്ക – 8

ഇന്ത്യ – 6

ഇംഗ്ലണ്ട് – 5

ശ്രീലങ്ക – 2

ഓസ്‌ട്രേലിയ – 2

ന്യൂസിലാന്‍ഡ് – 1

സിംബാബ്‌വേ- 1

ലോകകപ്പില്‍ നേരത്തെ സൗത്ത് ആഫ്രിക്കയും 399 റണ്‍സിന് ഇന്നിങ്‌സ് അവസാനിപ്പിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് പ്രോട്ടീസ് 399 റണ്‍സ് നേടിയത്.

നെതര്‍ലന്‍ഡ്സിനായി ലോഗന്‍ വാന്‍ ബീക് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബാസ് ഡി ലീഡ് രണ്ട് വിക്കറ്റും ആര്യന്‍ ദത്ത് ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് പിഴച്ചിരിക്കുകയാണ്. 11 ഓവര്‍ പിന്നിടുമ്പോള്‍ 53 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ഡച്ച് പട.

വിക്രംജീത് സിങ്, മാക്‌സ് ഒ ഡൗഡ്, കോളിന്‍ അക്കര്‍മാന്‍, ബാസ് ഡി ലീഡ് എന്നിവരാണ് പുറത്തായിരിക്കുന്നത്. ജോഷ് ഹെയ്‌സല്‍വുഡ്, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്.

Content Highlight: Australia failed to score 400 runs against Netherlands

We use cookies to give you the best possible experience. Learn more