| Friday, 5th January 2024, 5:45 pm

ഒന്നര ദിവസം കൊണ്ട് ടെസ്റ്റ് വിജയിച്ചതിന് പിന്നാലെ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി; സിംഹാസനത്തില്‍ നിന്ന് പടിയിറക്കം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ മറികടന്ന് ഓസ്‌ട്രേലിയ ഒന്നാമത്. പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചതും ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്നിങ്‌സ് തോല്‍വി വഴങ്ങുകയും ചെയ്തതോടെയാണ് ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ വെട്ടി ഓസ്‌ട്രേലിയ റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്.

‘സ്വന്തം മണ്ണില്‍ പാകിസ്ഥാനെതിരെ നടക്കുന്ന പമ്പരയില്‍ മികച്ച പ്രകടനം നടത്തിയത് ഓസ്‌ട്രേലിയയെ ഒരിക്കല്‍ക്കൂടി ഒന്നാം റാങ്കിലെത്താന്‍ സഹായിച്ചു,’ ഐ.സി.സി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

30 മത്സരത്തില്‍ നിന്നും 3,534 പോയിന്റും 118 എന്ന റേറ്റിങ്ങുമായാണ് ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 32 മത്സരത്തില്‍ നിന്നും 3,746 പോയിന്റും 117 എന്ന റേറ്റിങ്ങുമാണ് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്കുള്ളത്.

ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നീ ടീമുകളാണ് ആദ്യ അഞ്ച് റാങ്കിലുള്ളത്.

(ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ പരാജയപ്പെട്ടതാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് തിരിച്ചടിയായത്.

കേപ് ടൗണില്‍ നടന്ന രണ്ടാം ടെസ്റ്റ് ചരിത്രത്തിന്റെ ഭാഗമായും അടയാളപ്പെടുത്തപ്പെട്ടിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ടെസ്റ്റ് മത്സരമായാണ് ഈ മത്സരം മാറിയത്. വെറും അഞ്ച് സെഷന്‍ കൊണ്ടാണ് ഇന്ത്യ – സൗത്ത് ആഫ്രിക്ക രണ്ടാം ടെസ്റ്റ് അവസാനിച്ചത്.

അതേസമയം, പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ആതിഥേയര്‍ കാഴ്ചവെക്കുന്നത്. ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ 360 റണ്‍സിന് ജയിച്ച ആതിഥേയര്‍ ബോക്‌സിങ് ഡേ ടെസ്റ്റില്‍ 79 റണ്‍സിനും വിജയിച്ചിരുന്നു.

Content highlight: Australia dethrones India from ICC test ranking

We use cookies to give you the best possible experience. Learn more