| Wednesday, 15th February 2023, 8:11 pm

ഇന്ത്യ രാജാക്കന്‍മാര്‍ ആവാതിരിക്കാന്‍ ഓസീസിന്റെ കടുംവെട്ട്; ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടമായി

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ ടീമായും ഏഷ്യയിലെ ആദ്യ ടീമുമായിട്ടായിരുന്നു ഇന്ത്യ ചരിത്രം സൃഷ്ടിച്ചത്.

2014ല്‍ സൗത്ത് ആഫ്രിക്കയായിരുന്നു ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒന്നാം സ്ഥാനം സ്വന്തമാക്കിയ ആദ്യ ടീം. ഹാഷിം അംലയായിരുന്നു ആ സ്വപ്‌ന നേട്ടത്തിലേക്ക് പ്രോട്ടീസിനെ നയിച്ചത്.

നേരത്തെ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഒന്നാം റാങ്കുകാരായ ഇന്ത്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തിലെ മിന്നും വിജയത്തോടെയാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഓസീസിനെ പിന്തള്ളി മുന്നേറിയതും ചരിത്രം സൃഷ്ടിച്ചതും.

എന്നാല്‍ ആ സ്വപ്‌ന നേട്ടത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിന്റെ പുതിയ അപ്‌ഡേഷന് ശേഷം ഓസ്‌ട്രേലിയ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ്. ഇന്ത്യയേക്കാള്‍ 11 റേറ്റിങ് പോയിന്റ് അധികം നേടിക്കൊണ്ടാണ് ഓസീസ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

നേരത്തെയുള്ള അപ്‌ഡേറ്റ് പ്രകാരം ഇന്ത്യക്ക് 115 റേറ്റിങ് പോയിന്റും ഓസീസിന് 111 റേറ്റിങ് പോയിന്റുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ അപ്‌ഡേഷന് ശേഷം ഒറ്റയടിക്ക് 15 റേറ്റിങ് സ്വന്തമാക്കിയ ഓസീസ് ഒന്നാം റാങ്കുകാരായ ഇന്ത്യയെ മറികടക്കുകയായിരുന്നു.

എന്നാല്‍ ഇന്ത്യയുടെ റേറ്റിങ്ങില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. നേരത്തെ അതേ സ്ഥിതി തന്നെയാണ് പുതിയ അപ്‌ഡേഷന് ശേഷം ഇന്ത്യക്കുള്ളത്. മൂന്നാമതുള്ള ന്യൂസിലാന്‍ഡിന് ഒരു റേറ്റിങ് അധികം ലഭിച്ചിട്ടുണ്ട്.

അതേസമയം, വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യ ഒന്നാം റാങ്കുകാരായി തന്നെ തുടരുകയാണ്.

ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് നിലവില്‍ 114 റേറ്റിങ്ങാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയേക്കാള്‍ രണ്ട് റേറ്റിങ്ങാണ് ഇന്ത്യ അധികം. 111 റേറ്റിങ്ങുമായി ന്യൂസിലാന്‍ഡാണ് മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്.

ടി-20 ഫോര്‍മാറ്റിലേക്ക് വരുമ്പോള്‍ 267 റേറ്റിങ്ങുമായിട്ടാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ടി-20 ലോകചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് 266 റേറ്റിങ് പോയിന്റും മൂന്നാമതുള്ള പാകിസ്ഥാന് 258 റേറ്റിങ്ങുമാണുള്ളത്.

Content highlight: Australia dethrone India from 1st rank in ICC test ranking

We use cookies to give you the best possible experience. Learn more