സിഡ്‌നി: ഇറാന്റെ പിന്തുണയോട് കൂടി ലെബനന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷിയ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടിയും മിലിറ്റന്റ് സംഘവുമായ ‘ഹിസ്‌ബൊല്ല’യെ ഓസ്‌ട്രേലിയ ഔദ്യോഗികമായി ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് ഹിസ്‌ബൊല്ലയുടെ എല്ലാ യൂണിറ്റിനേയും രാജ്യം ഭീകരവാദത്തിന്റെ പട്ടികയില്‍ പെടുത്തിയത്.
ഹിസ്‌ബൊല്ലയുടെ മിലിറ്ററി വിഭാഗം 2003 മുതല്‍ തന്നെ രാജ്യത്തെ ഭീകരവാദപട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഘടനയെ മൊത്തത്തിലാണ് പട്ടികയില്‍ പെടുത്തിയിരിക്കുന്നത്.
”ഹിസ്‌ബൊല്ല തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടത്തുകയും മറ്റ് തീവ്രവാദ സംഘടനകള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നുണ്ട്,” ഓസ്‌ട്രേലിയയുടെ ആഭ്യന്തര മന്ത്രി കാരെന്‍ ആന്‍ഡ്രൂസ് പറഞ്ഞു. ഹിസ്‌ബൊല്ല സംഘം രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതോടെ ലെബനീസ് പൗരന്മാര്‍ ധാരാളമുള്ള ഓസ്‌ട്രേലിയയില്‍, ഹിസ്‌ബൊല്ലയില്‍ അംഗത്വമെടുക്കുന്നതും സംഘടനയ്ക്ക് വേണ്ടി ഫണ്ട് നല്‍കുന്നതും നിരോധിക്കപ്പെടും. ലെബനന്‍ രാഷ്ട്രീയപരമായും സാമ്പത്തികപരമായും കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് തന്നെ ഓസ്‌ട്രേലിയയുടെ തീരുമാനം വന്നതും ശ്രദ്ധേയമാണ്.
പല പടിഞ്ഞാറന്‍ രാജ്യങ്ങളും സംഘടനയെ നേരത്തേതന്നെ ഹിസ്‌ബൊല്ലയെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയായും ഇവരെ അംഗീകരിക്കാന്‍ പല രാജ്യങ്ങളും തയാറല്ല.
ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഹിസ്‌ബൊല്ലയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് എല്ലാ ലോകരാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
ഓസ്‌ട്രേലിയ അക്രമത്തിനെതിരാണെന്നും മതപരമായോ ആശയപരമായോ ആയ കാരണങ്ങള്‍ പറഞ്ഞ് നിഷ്‌കളങ്കരായ ആളുകളെ കൊല്ലുന്നത് ന്യായീകരിക്കാനാവില്ലെന്നുമാണ് പുതിയ പട്ടിക പുറത്തുവിട്ട് ആഭ്യന്തര മന്ത്രി പറഞ്ഞത്.
ഐ.എസ്.ഐ.എസ്, ബൊക്കോ ഹറാം തുടങ്ങി 26 സംഘടനകളെയാണ് ഓസ്‌ട്രേലിയ ഇതുവരെ ഭീകരവാദസംഘങ്ങളുടെ പട്ടികയില്‍ പെടുത്തിയത്.